തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചു കൊണ്ടാണ് ഇടതുപക്ഷം ഇത്തവണ അധികാരത്തില്‍ എത്തുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ 20നു സത്യപ്രതിജ്ഞ നടത്തും. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം പുതിയ നിയമസഭയില്‍ വനിതയെ സ്പീക്കര്‍ ആക്കണമെന്ന നിര്‍ദേശം സിപിഎം നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്നാണ്. ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജിനെയാണ് സ്പീക്കര്‍ പദവിയിലേക്കു പരിഗണിക്കുന്നത്.
മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുക, വനിതയെ സ്പീക്കര്‍ ആയി നിയോഗിക്കുക എന്നീ നിര്‍ദേശങ്ങള്‍ സിപിഎമ്മില്‍ ഉയരുന്നുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലും തുടര്‍ന്നു നടക്കുന്ന സംസ്ഥാന സമിതിയിലും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെ നിയോഗിച്ചാല്‍ അത് മുന്നണിക്കു തന്നെ ബഹുമതിയായി മാറുമെന്നാണ് ഈ ആശയം മുന്നോട്ടുവച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ സെക്രട്ടറിയറ്റ് ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും. കൂടാതെ പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ മന്ത്രിസഭയില്‍ നിന്നും കെകെ ശൈലജ ഒഴികെ ആരും ഇക്കുറി ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.