തിരുവനന്തപുരം : കേന്ദ്ര കൃഷിനിയമങ്ങൾക്കെതിരെ 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. സർക്കാർ നടപടി ക്രമങ്ങൾ പാലിച്ചതിനാലാണ് അനുമതിയെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ എന്നിവർ കഴിഞ്ഞ ദിവസം രാജ് ഭവനിലെത്തി ചർച്ച നടത്തിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രിയുടെ ഓഫിസ് കത്തും നൽകിയിരുന്നു.
കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ 23ന് പ്രത്യേക സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു. സർക്കാരിനെ വിമർശിച്ചു മുഖ്യമന്ത്രിക്കു കത്തും നൽകി. നിയമസഭ അടിയന്തരമായി വിളിക്കാനുള്ള കാരണം സർക്കാര്‍ വ്യക്തമാക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാരിന്‍റെ പ്രവർത്തനശൈലിയേയും ഗവർണര്‍ വിമർശിച്ചു.
ജനുവരി എട്ടു മുതൽ സഭ ചേരാൻ 17നു നൽകിയ ശുപാർശയ്ക്ക് 21ന് അംഗീകാരം നൽകിയ കാര്യവും എന്നാൽ അന്നുതന്നെ ആ ശുപാർശ പിൻവലിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിപ്പ് കിട്ടിയ കാര്യവും ഗവർണർ ചൂണ്ടിക്കാട്ടി. 23ന് സഭ ചേരാൻ പുതിയ ശുപാർശ ലഭിച്ചപ്പോഴാണ് അപ്രതീക്ഷിത സാഹചര്യമെന്താണെന്ന് ഗവർണർ ആരാഞ്ഞത്. പ്രത്യേക സമ്മേളനത്തിനുശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി 8നു വീണ്ടും സഭ സമ്മേളിക്കും.