തിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ക്ക് 41 രൂപ വേതനവര്‍ധന ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്നങ്ങളും പരാതികളും സമയവായത്തിലൂടെ അടിയന്തിരമായി പരിഹരിക്കുന്നതിന് ലേബര്‍ കമീഷണര്‍ ചെയര്‍മാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പുറമേ തൊഴില്‍ ക്ഷമതയും ഇന്‍സെന്റീവുമടക്കമുള്ള കാര്യങ്ങളും കമ്മിറ്റി വിലയിരുത്തും. തൊഴിലാളി തൊഴിലുടമാ പ്രതിനിധികള്‍ അംഗങ്ങളും അഡീ ലേബര്‍ കമ്മിഷണര്‍ (ഐ.ആര്‍) കണ്‍വീനറുമായ കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തെ അടിസ്ഥാനശമ്പളത്തിനൊപ്പം 41 രൂപയുടെ വര്‍ധനവ് വരുത്താന്‍ യോഗത്തില്‍ തീരുമാനമായി. 2023 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധനവ് നടപ്പിലാക്കും. തൊഴിലാളികളുടെ സര്‍വീസ് കാലയളവനുസരിച്ച് നിലവിലുള്ള സര്‍വീസ് വെയിറ്റേജില്‍ 55 മുതല്‍ 115 പൈസ വരെ വര്‍ധിപ്പിക്കാനും തീരുമാനമായി. തോട്ടം മേഖല തൊഴിലാളികള്‍ക്കും തോട്ടമുടമകള്‍ക്കും ഒരു പോലെ പ്രയോജനകരമാം വിധം കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണമടക്കം വിപണി സാധ്യതകള്‍ കണ്ടെത്തുന്നതിനും സര്‍ക്കാര്‍തലത്തില്‍ പ്രായോഗികമായ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.