കൊച്ചി : കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടി നാട്ടുകാര്‍ക്ക് അത്ഭുതകാഴ്ചയാകുന്നു. ഒരു തലയും രണ്ട് വായും മൂന്ന് കണ്ണുകളുമായി വ്യത്യസ്ത രൂപത്തില്‍ ജന്മം കൊണ്ട പശുക്കുട്ടിയാണ് നാട്ടുകാര്‍ക്ക് അത്ഭുതത്തിന് വഴിയൊരുക്കുന്നത് . വെള്ളറട മൃഗാശുപത്രി പരിധിയില്‍ മുള്ളിലവ് വിള അര്‍ച്ചനയില്‍ ഭാസ്‌കരന്‍ നായരുടെ വീട്ടിലെ പശുവിന്റെ കന്നിപ്രസവത്തിലാണ് വ്യത്യസ്ത രൂപവുമായിട്ടുള്ള പശുക്കുട്ടി ജന്മം കൊണ്ടത്. ഇന്നലെ രാവിലെ 8 മണിക്കായിരുന്നു പശു പ്രത്യേകതയുള്ള കുട്ടിയെ പ്രസവിച്ചത്.
രണ്ട് തല ചേര്‍ന്ന് വലുപ്പമുള്ള ഒരുതലയായിട്ടാണ് പശുകുട്ടിക്ക് ഉള്ളതെങ്കിലും അസ്വസ്ഥതകളൊന്നും കാട്ടാതെ പശു പ്രസവിക്കുകയായിരുന്നു എന്ന് ഉടമ പറയുന്നു. ഒരു തലയില്‍ രണ്ട് വായും രണ്ട് നാക്കും തലയുടെ മധ്യഭാഗത്ത് രണ്ട് കൃഷ്ണമണികള്‍ ചേര്‍ന്ന ഒരുകണ്ണും ആണ് പശുക്കുട്ടിയെ വ്യത്യസ്തമാക്കുന്നത്. സിന്ധി ഇനത്തില്‍പെട്ട പശുക്കുട്ടിയാണിതെന്ന് പശുവിനെയും കിടാവിനെയും പരിശോധിച്ച വെള്ളറട മൃഗാശുപത്രിയിലെ ഡോക്ടര്‍ ബൈജു പറയുന്നു. ചെനപിടിക്കാനായി മരുന്നുകള്‍ നല്‍കിയതിനു ശേഷം ബീജസങ്കലനം നടന്നപ്പോള്‍ ഉണ്ടായ വ്യതിയാനങ്ങളാണ് ഇങ്ങനെ ഒരു രൂപത്തില്‍ പശുക്കിടാവ് ജനിക്കാന്‍ കാരണമെന്നാണ് മൃഗാരോഗ്യ വിദഗ്ദര്‍ പറയുന്നത് .
നിലവില്‍ പശുകിടാവിന് ആരോഗ്യ പ്രശ്‌നം ഒന്നുമില്ലന്ന് ഡോക്ടര്‍ പറഞ്ഞു. തലയുടെ വലിപ്പകൂടുതല്‍ കാരണം തനിച്ച് പാലു കുടിക്കുന്നതിന് സാധ്യമല്ല . തള്ളപ്പശുവിന്റെ പാല്‍കറന്ന് കുപ്പിയിലാക്കി നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത് . പശുക്കുട്ടിക്ക് സ്വയം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നതു വരെ കുപ്പിപ്പാലും മറ്റു പോഷകാഹാരങ്ങളും നല്‍കി വളര്‍ത്തുമെന്ന് റിട്ടേര്‍ഡ് പോലിസുദ്യോഗസ്ഥനും ക്ഷീരകര്‍ഷകനുമായ ഭാസ്‌കരന്‍ നായര്‍ പറയുന്നു. 20 വര്‍ഷത്തോളമായി പശുവിനെ വളര്‍ത്തുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരു അത്ഭുത രൂപത്തില്‍ പശുക്കിടാവ് ജനിച്ചതെന്ന് അദ്ദേഹം പറയുന്നു. വ്യത്യസ്തമായ രൂപത്തില്‍ ജന്മം കൊണ്ട പശുക്കിടാവിന്റെ സംരക്ഷണത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരായ പ്രീതയും ലേഖയും ഭാസ്‌കരന്‍നായരുടെ വീട്ടിലെത്തിയിരുന്നു.