തിരുവനന്തപുരം: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ചികിത്സ ലഭ്യമാക്കാന്‍ ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണെന്നും ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ നാല് ലയങ്ങള്‍ അപകടത്തില്‍ പെട്ടെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. ലയങ്ങളിലെല്ലാം താമസക്കാര്‍ ഉണ്ടായിരുന്നു എന്ന് പറയുന്നു.
പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കനത്ത മഴ പ്രദേശത്ത് തുടരുകയാണ്. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മെഡിക്കല്‍ സംഘത്തിനൊപ്പം പോലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും റവന്യു ഫോറസ്റ്റ് അധികൃതരെല്ലാം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.