തിരുവനന്തപുരം: സ്പെഷ്യല്‍ അരിവിതരണം വിലക്കിയ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ അരി 15 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്. ഇതിനെതിരെ നിയമപടി സ്വീകരിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അരി വിതരണംചെയ്യാന്‍ തിരഞ്ഞെടുപ്പുവിജ്ഞാപനം വരുന്നതിനുമുമ്പു തന്നെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, അരി എത്തിക്കാന്‍ കാലതാമസമുണ്ടായതോടെ വിതരണം വൈകുകയായിരുന്നു. വിതരണാനുമതിതേടി സര്‍ക്കാര്‍ തിരഞ്ഞടുപ്പുകമ്മിഷനെ സമീപിച്ചപ്പോഴാണ് കമ്മിഷന്‍ വിതരണം വിലക്കിയത്.
അരിവിതരണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യകിറ്റ്, സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി എന്നിവ നേരത്തേ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലും തിരഞ്ഞടുപ്പു കമ്മിഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അതിനിടെ വിഷുവിനുള്ള കിറ്റ് വിതരണം ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്. മാര്‍ച്ച് അവസാനം നല്‍കാനായിരുന്നു സര്‍ക്കാരിന്റെ നേരത്തേയുള്ള തീരുമാനം.
അരിവിരണത്തിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ പ്രതിപക്ഷനേതാവിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രിയും അതിന് മറുപടിയുമായി ചെന്നിത്തലയും ഇന്ന് രംഗത്തെത്തിയിരുന്നു.