കൊച്ചി : ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കും. എസ്.പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. തിരുവല്ല ഡിവൈഎസ്പിയും അന്വേഷണ സംഘത്തിലുണ്ടാകും. സ്ഥലം മാറിയ സിഐ ബിജു. വി. നായരും അന്വേഷണത്തിന്റെ ഭാഗമാകും. റിമാൻഡിലുള്ള ടാങ്കർ ഡ്രൈവർമാരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തീരുമാനിച്ചു.
ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമാണത്തിന് എത്തിച്ച സ്പിരിറ്റിൽ 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസിന്റെ കണ്ടെത്തൽ. മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4,000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ട്രാവൻകൂർ ഷുഗേഴ്‌സിലെ ജനറൽ മാനേജർ അടക്കം മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ജനറൽ മാനേജർ അലക്‌സ് പി എബ്രഹാം, പേഴ്‌സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.