പത്തനംതിട്ട: പോളിക്ലിനിക്കായി ഉയർത്തിയ കുമ്പഴ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ ഇനി നഗരവാസികൾക്ക് വിഗദ്ധ ചികിത്സ ലഭിക്കും. ഇഎൻടി, ഡയറ്റീഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ് തുടങ്ങിയ വിദഗ്ധ സേവനങ്ങൾ നിലവിൽ ക്ലിനിക്കിൽ ലഭ്യമാണ്. ജനറൽ മെഡിസിൻ, ഫിസിഷ്യൻ, ശിശുരോഗ വിഭാഗം, ദന്തൽ, സൈക്യാട്രി, ത്വക് രോഗ വിഭാഗം, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനം ഘട്ടം ഘട്ടമായി ലഭ്യമാക്കും. 30 ലക്ഷം രൂപ ചെലവാക്കിയാണ് പൊളി ക്ലിനിക് നിർമ്മാണം പൂർത്തിയാക്കിയത്. സ്വകാര്യ മേഖലയുടെ കഴുത്തറപ്പൻ മത്സരങ്ങൾക്ക് നഗരവാസികളെ വിട്ടുകൊടുക്കാതെ സാധ്യമാകുന്നത്ര സൗകര്യങ്ങൾ ഒരുക്കി സൗജന്യമായി നൽകാനാണ് ഭരണ സമിതി ശ്രമിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. പോളിക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഭരണസമിതി അധികാരത്തിൽ എത്തിയശേഷം ആരോഗ്യരംഗത്ത് വലിയ ഇടപെടലുകളാണ് നടത്തിയത്. ചെന്നെെ പെട്രോളിയം കോർപ്പറേഷന്റെ സിഎസ് ആർ ഫണ്ടിലൂടെ ലഭിച്ച ഓക്സിജൻ പ്ലാന്റ് നഗരസഭ നൽകിയ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ചത്. തകർന്ന് ഉപയോഗ ശൂന്യമായിരുന്ന ജനറൽ ആശുപത്രിയുടെ പേവാർഡ് നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് പുനർനിർമാണം നടത്തി പൊതുജനങ്ങൾക്ക് സമർപ്പിച്ചത്.
—
കോവിഡ് കാലത്ത് നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രാഥമിക ദ്വിതീയ ചികിത്സ സെന്ററുകൾ സംസ്ഥാനത്തെ മികച്ച മാതൃകകൾ ആയിരുന്നു. ധനകാര്യ കമ്മീഷന്റെ ഗ്രാൻഡ് ഉപയോഗിച്ച് നഗരത്തിലെ രണ്ട് കേന്ദ്രങ്ങളിൽ മൈലാട് പാറയിലും വെട്ടിപ്പുറത്തും ആരംഭിച്ച വെൽനസ് സെന്ററുകൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. നഗരത്തിന് പുറത്തുള്ള പഞ്ചായത്തുകളിൽ നിന്നു പോലും ജനങ്ങൾ ധാരാളമായി ഈ സേവനങ്ങൾ ഉപയോഗിക്കുകയാണ്. പത്തനംതിട്ട നഗരത്തിന് ലഭിച്ച മൂന്നാമത്തെ സെന്ററിന്റെ ഉദ്ഘാടനം വഞ്ചിപൊയ്കയിൽ ഈ മാസം തന്നെ നടത്തും.
പോളി ക്ലിനിക്കിൽ വിദഗ്ധ ചികിത്സ ഉൾപ്പെടെ എല്ലാ സേവനങ്ങളും സൗജന്യമായാണ് നൽകുന്നത്. സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരുന്ന നഗരത്തിലെ സാധാരണക്കാർക്ക് പോളി ക്ലിനിക്കിന്റെ സേവനം പ്രയോജനകരമാകും. നഗരസഭയ്ക്ക് ലഭിക്കുന്ന ഹെൽത്ത് ഗ്രാന്റിൽ നിന്നും 50 ലക്ഷം രൂപ ജനറൽ ആശുപത്രിക്ക് നൽകാൻ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ആയുർവേദ ഹോമിയോ ചികിത്സരംഗത്തും നഗരസഭ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. നഗരസഭയുടെ ചുമതലയിലുള്ള ആയുർവേദ ആശുപത്രിയെ കിടത്തി ചികിത്സയ്ക്കുള്ള കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം
പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജറി അലക്സ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില അനിൽ, കൗൺസിലർമാരായ ബിജിമോൾ മാത്യു, വിമല ശിവൻ, ഷീല എസ്, എ അഷറഫ്, മുൻ കൗൺസിലർ പി വി അശോക് കുമാർ, മെഡിക്കൽ ഓഫീസർ ദിവ്യ പ്രശോഭ്, എൻ എച്ച് എം കോർഡിനേറ്റർ ജ്യോതി ആനന്ദ് എന്നിവർ പ്രസംഗിച്ചു.
—
കുമ്പഴ പോളിക്ലിനിക്കിൽ ഇപ്പോൾ ലഭിക്കുന്ന സേവനങ്ങൾ
1. തിങ്കൾ – സ്വാസ് ക്ലിനിക്ക്
2. ചൊവ്വ – എൻസി ക്ലിനിക്, കാൻസർ സ്ക്രീനിംഗ്
3. ബുധൻ – പ്രതിരോധ കുത്തിവയ്പ്പ് ക്ലിനിക്, ആർ ബി എസ് കെ സ്ക്രീനിംഗ്
4. വ്യാഴം – എൻസിഡി ക്ലിനിക്, ഒപ്‌റ്റോമെട്രിസ്റ്റ് സേവനം
5. വെള്ളി – ഡയറ്റീഷ്യൻ സേവനം
6. ശനി – ജെറിയാട്രിക് ക്ലിനിക്, ഇഎൻടി സേവനം