അടൂർ : അമിതവേഗവും ഇരുവശങ്ങളിലെയും പാർക്കിംഗും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും അടൂർ ബൈപാസ് റോഡിനെ അപകട മേഖലയാക്കി മാറ്റുന്നു. രാത്രിയിലാണ് ഏറ്റവും കൂടുതൽ പ്രശ്നം. ഇവിടെ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലേക്ക് ഭക്ഷണം കഴിക്കാൻ എത്തുന്ന വാഹനങ്ങളാണ് റോഡിൽ പാർക്കു ചെയ്യുന്നത്. റോഡിലെ പാർക്കിംഗ് കൂടുന്നതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. രാത്രിയിൽ പോലീസ് പട്രോളിങ് കാര്യക്ഷമവുമല്ല. അമിതവേഗമാണ് അപകടങ്ങൾക്ക് മറ്റൊരു കാരണം. ടോറസുകളും ആഡംബര കാറുകളും ബൈക്കുകളുമാണ് അമിതവേഗത്തിൽ പായുന്നത്. ഇതു കൂടാതെ തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറികളും അമിതവേഗത്തിലാണ് പായുന്നത്.
ബൈപാസിൽ ഒരു ക്യാമറ ഉണ്ടെങ്കിലും അമിതവേഗം നിയന്ത്രിക്കാൻ അതു കൊണ്ടാകുന്നില്ല. കൂടുതൽ ക്യാമറകൾ സ്ഥാപിച്ചാൽ അമിതവേഗം കുറയ്ക്കാൻ ഒരു പരിധിവരെയെങ്കിലും കഴിയും. ഇതു സംബന്ധിച്ച് പള്ളിക്കൽ സ്വദേശി രാമനുജൻ കർത്ത മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ്കുമാർ നടത്തിയ പരിശോധനയിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന റിപ്പോർട്ടാണ് നൽകിയത്.