തൃശ്ശൂര്‍: ആയിരത്തിൽപ്പരം സ്പോർട്സ് ലേഖനങ്ങൾ എഴുതിയ അഡ്വ.ഏ.ഡി. ബെന്നിയെ ആദരിച്ചു. മാങ്ങാട്ടുകര വഴിയമ്പലം പരിസരത്ത് കളിയിടം ഒരുക്കിയതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൈമൺ തെക്കത്തു് ബെന്നി വക്കീലിനെ ആദരിച്ചതു്. എക്സ് പ്രസ്സ് ദിനപ്പത്രത്തിൽ ഗ്രാൻഡ് മാസ്റ്റർ പദം തേടുന്ന ആനന്ദ് എന്ന ശീർഷകത്തിലെഴുതിയ ലേഖനമായിരുന്നു ആദ്യത്തേതു്. തുടർന്ന് വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ. മറ്റ് മാധ്യമങ്ങളിലും ബെന്നി വക്കീലിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.
കൺസ്യൂമർ കേസുകൾ നടത്തിയതിൽ റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയാണ്. തൃശൂർ സാംസ്ക്കാരിക അക്കാദമി പ്രസിഡണ്ട് കൂടിയാണ്. യു ട്യൂബർ കൂടിയായ ബെന്നി വക്കീൽ നിയമമടക്കം ആയിരത്തിലധികം വീഡിയോകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. വൃക്ക മാറ്റിവെച്ച് പതിനെട്ട് വർഷങ്ങൾ പൂർത്തിയാക്കിയ ബെന്നി വക്കിലിന്റെ ജീവചരിത്രം പത്മവ്യൂഹം ഭേദിച്ച് പ്രചോദനാത്മകമാണ്. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സി.വി. പാപ്പച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോർഡിനേറ്റർ നെൽസൺ.വി.മാത്യു, വാർഡ് മെമ്പർ ജിൻസി തോമസ്, പി.ആർ.മുരളീധരൻ, ഷാജി നീലകണ്ഠൻ, എൻ.കെ.അശോകൻ, ടി.വി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.