തിരുവനന്തപുരം : സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായും നിരവധി തവണ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പി.എ. സിപിഎമ്മിന്റെ നോമിനിയാണ്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ശുപാര്‍ശ ചെയ്ത് യുവജന കമ്മീഷന്റെ ചെയര്‍പേഴ്‌സന്റെ ശുപാര്‍ശ പ്രകാരമാണ് അവരെ മേഴ്‌സി കുട്ടന്റെ പി.എ. ആക്കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിരവധി തവണ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്‍ സ്വര്‍ണക്കള്ളക്കടത്തിന് ഉപയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാര്‍ പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ ആകെ സ്വര്‍ണക്കടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പി.എ. നിരവധി തവണ വിദേശത്തു പോയി. യാതൊരു ആവശ്യവുമില്ലാതെ നിരവധി തവണ വിദേശയാത്ര നടത്തി കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടു.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. വിശദമായ അന്വേഷണം വേണം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പി.എ. ആയി ഈ വിവാദ വനിത എങ്ങനെ വന്നുവെന്ന് സി.പി.എമ്മും സര്‍ക്കാരും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരള ക്രിക്കറ്റ് അസോസിയേഷന്റ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിനീഷ് കോടിയേരിയെ മുന്നില്‍ നിര്‍ത്തി ബിനാമി സംഘങ്ങള്‍ വലിയ നീക്കങ്ങളാണ് നടത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിനീഷിനെ കെ.സി.എ. പുറത്താക്കണം. എന്നാല്‍ ഇതിന് കെ.സി.എ. തയ്യാറാവുന്നില്ല.
കെ.സി.എ. അങ്ങനെ ചെയ്യാത്തതിന് കാരണം ബിനീഷ് കോടിയേരിയുമായി ചേര്‍ന്ന് കെ.സി.എയിലെ ഒരു വിഭാഗം വലിയ സാമ്പത്തിക തട്ടിപ്പുകളാണ് നടത്തിയത്. ഇത് സംബന്ധിച്ചുള്ള നിരവധി വിവരങ്ങള്‍ ഇതിനോടകം അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ കെ.സി.എയില്‍ നടന്നിട്ടുള്ള അഴിമതികളെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടത്തണം.
ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി വലിയ തോതിലുള്ള ഹവാല ഇടപാടുകളും സാമ്പത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതായി വ്യക്തമായ വിവരം വന്നിട്ടുണ്ട്. കെസിഎ ബിനീഷിനെ പുറത്താക്കണം. അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.