കുന്നംകുളം : കായിക കേരളത്തിന് പ്രതീക്ഷയായി സംസ്ഥാനത്ത് ഒരു സ്‌പോർട്‌സ് ഡിവിഷൻ കൂടി. കുന്നംകുളം ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ കണ്ണൂരിലേതിന് സമാനമായ സ്‌പോർട്‌സ് ഡിവിഷനാണ് ആരംഭിക്കുന്നത്. മധ്യകേരളത്തിന്റെ കായികസ്വപ്‌നങ്ങൾക്ക് ചിറകുനൽകുന്നതാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് കായിക ഡിവിഷനുകൾ തുടങ്ങുമെന്ന് കായികമന്ത്രി ഇ പി ജയരാജൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. പരിശീലകരെയും ജീവനക്കാരെയും നിയമിക്കാൻ നടപടി ആരംഭിച്ചു. ഉപകരണങ്ങളും സ്‌പോർട്‌സ് കിറ്റും തയ്യാറാകുന്നു.
24 ഏക്കർ സ്‌കൂൾ കോമ്പൗണ്ടിൽ ആവശ്യമായ സൗകര്യമൊരുക്കും. സ്കൂളിലെ ഇൻഡോർ സ്‌റ്റേഡിയം സെപ്തംബറിൽ ഉദ്ഘാടനം ചെയ്തിരുന്നു. സ്വാഭാവിക പുൽത്തകിടിയോടുകൂടിയ ഫുട്ബോൾ മൈതാനവും ഗ്യാലറിയും ഒരുക്കി. അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി. 400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക്, അനുബന്ധ സൗകര്യങ്ങൾ എന്നിവയൊരുക്കും. പരിശീലനത്തിനായി രണ്ട് ഇടത്തരം കളിസ്ഥലം, ബാസ്‌കറ്റ് ബോൾ പരിശീലനത്തിനായി കുന്നംകുളം നഗരസഭാ ഇൻഡോർ സ്റ്റേഡിയം എന്നിവയും സജ്ജമാക്കും. അഞ്ച് കോടിയുടെ നിർമാണപ്രവർത്തനങ്ങൾ സർക്കാർ ഇതിനോടകം നടത്തി. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുങ്ങുന്നു. സ്കൂളിൽ കായിക ആരോഗ്യ കേന്ദ്രവും അനുവദിച്ചിട്ടുണ്ട്.