തിരുവനന്തപുരം: സർക്കാർ അവഗണനയെ തുടർന്ന് കായികതാരങ്ങൾ നാടുവിടുന്നതിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ കണക്കുനിരത്തി കായികമന്ത്രി വി. അബ്ദുറഹ്മാൻ. 2022ല്‍ തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത എച്ച്.എസ്.പ്രണോയ്, എം.ആര്. അര്ജുന് എന്നീ മലയാളി താരങ്ങള്‍ക്ക് അഞ്ചുലക്ഷം വീതം നല്‍കിയെന്നും ജി.വി.രാജ പുരസ്കാരത്തിന് പ്രണോയിയെ തെരഞ്ഞെടുത്തതായും മന്ത്രി അറിയിച്ചു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയവർക്ക് 20, 10 ലക്ഷം വീതം സമ്മാനിച്ചിരുന്നു. കായിക മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് പാരിതോഷികം നല്‍കാറുണ്ട്. മന്ത്രിസഭ കൂടിയാലോചിച്ച് പ്രഖ്യാപിക്കുകയാണ് ചെയ്യുക. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തില്‍ പാതിതോഷികം നൽകിയിരുന്നു. പുറമെ, പരിശീലനത്തിനും മറ്റുമായി രണ്ടര വര്‍ഷത്തിനിടെ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസിന്റെ പരിശീലനാവശ്യങ്ങള്‍ക്ക് സ്പോട്സ് കൗണ്‍സില്‍ അഞ്ചു കോടി അനുവദിച്ചിരുന്നു. ഇത്തവണ ദേശീയ ഗെയിംസിന് ഗോവക്ക് തിരിക്കുന്ന താരങ്ങളുടെ പരിശീലനത്തിനായി നാലുകോടി ആദ്യഗഡുവായി അനുവദിച്ചു. ഏഴ് വര്‍ഷത്തിനിടെ 649 താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്കി. 250 കായികതാരങ്ങള്‍ക്കു കൂടി നിയമനം നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഴുവന്‍ താരങ്ങള്‍ക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കിയതായി മന്ത്രി അറിയിച്ചു.