മലപ്പുറം : കായിക താരങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പ് നല്‍കി കായിക മന്ത്രി. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതിന്റെ പേരില്‍ സമരം നടത്തുന്ന കായിക താരങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. ആദ്യഘട്ടമായി 26 കായിക താരങ്ങള്‍ക്ക് ജോലി ലഭിക്കുമെന്ന് മന്ത്രി മലപ്പുറത്ത് പറഞ്ഞു. ജോലി ലഭിക്കേണ്ട നിലവിലുളള 56 പേരില്‍ 26 പേര്‍ക്ക് ജോലി നല്‍കാനുളള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി വരികയാണ്. ബാക്കിയുളള രേഖകള്‍ കൂടി ശരിയാകുന്ന മുറയ്ക്ക് മറ്റുളളവര്‍ക്കും ജോലി ലഭിക്കും.
ഓരോ വര്‍ഷവും 50 കായിക താരങ്ങള്‍ക്കു വീതമാണ് സര്‍ക്കാര്‍ ജോലി നല്‍കുന്നത്. കായിക താരങ്ങള്‍ സമരത്തിലേക്കു പോവേണ്ടിയിരുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദനം ചെയ്ത ജോലി ലഭിക്കാത്തതിന്റെ പേരില്‍ കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. അടുത്ത ദിവസം കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്താമെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചിട്ടുണ്ട്.