എറണാകുളം : സംസ്ഥാനത്ത് സ്പോട്സ് അനുബന്ധ കോഴ്സുകള്‍ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. സ്പോര്‍ട്സ് എഞ്ചിനീയറിംഗ്, സ്പോര്‍ട്സ് ഇവന്‍്റ്സ്, സ്പോര്‍ട്സ് മാനേജ്മെന്റ് എം.ബി.എ എന്നിങ്ങനെയുള്ള കോഴ്സുകളാണ് ഉടന്‍ ആരംഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. മൂവാറ്റുപുഴക്ക് സമീപം വാഴക്കുളത്ത് ജില്ല പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് പണികഴിച്ച ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാലിക്കറ്റ് സര്‍വ്വകലാശാല സിലബസുമായി ബന്ധപ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കായിക പരിശീലകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം നല്‍കാനും കായിക രംഗത്ത് സ്വദേശത്തും വിദേശത്തും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അത്‌ലറ്റിക് അസോസിയേഷന്‍ അഖിലേന്ത്യ ഫെഡറേഷനുമായി ചേര്‍ന്ന് വിവിധ ട്രെയിനിംഗ് കോഴ്സുകള്‍ ആരംഭിക്കാനും അതുവഴി 5000ഓളം മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു. വാഴക്കുളം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ജോസ് അഗസ്റ്റിന്‍, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റാണി കുട്ടി ജോര്‍ജ്, എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് കൗണ്‍സിലര്‍മാരായ മനോജ് മുത്തേടന്‍, പി എം നാസര്‍, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി തന്നിട്ട മാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.