പത്തനംതിട്ട : ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് മാത്രമായി നിജപ്പെടുത്തിയ തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിംഗ് ഏറെ ഗുണകരമായിരുന്നു. ഇവരിൽ പലരും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാതെയാണ് മല കയറാൻ വരുന്നത്. ഇവിടെ എത്തിയശേഷം സ്പോട്ട് ബുക്കിങ്ങിലൂടെയാണ് ഇവർ സന്നിധാനത്തേക്ക് മലകയറുന്നത്. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ, ദേവസ്വം ബോർഡ് നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുമെന്നതിൽ സംശയമില്ല. വെർച്വൽ ക്യൂവഴി ഒരു ദിവസം പരമാവധി 80,000 ഭക്തരെ ആണ് സന്നിധാനത്തേക്ക് കടത്തിവിടാൻ അവലോകന യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ സാധാരണ ബുക്ക് ചെയ്യുന്നവരിൽ 15 ശതമാനത്തോളം ആളുകൾ വരാറില്ല. ഈ ഒഴിവിൽ സ്പോട്ട് ബുക്കിങ്ങിലുടെ എത്തുന്നവരെ കടത്തിവിടുകയാണ് ചെയ്തിരുന്നത്.
ഭക്തരുടെ സുരക്ഷയ്ക്കാണു വെർച്വൽ ക്യൂ എന്നതാണു ദേവസ്വം ബോർഡിന്‍റെ നിലപാട്. ശബരിമലയിൽ എത്തുന്നവരുടെ ആധികാരിക രേഖ എന്നതാണ് ബോർഡ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആളുകളുടെ എണ്ണം മുൻകൂട്ടി അറിയുന്നതിലെ പരിമിതിയുടെ പേരിൽ സ്പോട്ട് ബുക്കിങ് തീർത്തും ഒഴിവാക്കുന്നത് തീർത്ഥാടകരോടുള്ള അനീതിയാണ്. മുൻകാലങ്ങളിൽ തീർത്ഥാടകർ പതിനാലും പതിനഞ്ചുമൊക്കെ മണിക്കൂറുകൾ ക്യൂനിന്നു വലഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ തീർഥാടകരെ വഴിയിൽ തടഞ്ഞ പോലീസിന്‍റെ നടപടിയും ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കി. പലരും ദർശനം നടത്താതെ തിരികെ പോയതും വലിയ വിവാദത്തിന് കാരണമായിരുന്നു.
നാവെടുത്താൽ സംഘപരിവാർ വിരുദ്ധത വിളമ്പുന്ന സർക്കാരും സിപിഎമ്മും നിലവിലെ വിവാദത്തിലൂടെ അവർക്ക് ഇടപെടാൻ അവസരം ഒരുക്കിക്കൊടുക്കുകയാണ്. തൃശ്ശൂരിലെ പൂരം കലക്കൽ വിവാദം സംഘപരിവാറിന് എത്രത്തോളം ഗുണകരമായെന്നതിന് കേരളം സാക്ഷിയായതാണ്. അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ പിണറായി സർക്കാരിന് കഴിയില്ല. അതിനാൽ തന്നെ തൃശ്ശൂരിൽ നിന്നും ഇടതുപക്ഷം പാഠം ഉൾക്കൊള്ളണം. വിശ്വാസി സമൂഹത്തെ സംഘപരിവാർ ചേരിയിലേക്ക് തള്ളി വിടാനെ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ നിലവിലെ സർക്കാർ തീരുമാനം ഉപകരിക്കൂ. ഈയൊരു സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശബരിമല തീർത്ഥാടനം സുഗമമാക്കാൻ സർക്കാരും ദേവസ്വം ബോർഡും നടപടി സ്വീകരിക്കണം. അടിയന്തിരമായി സ്‌പോട്ട് ബുക്കിംഗ് പുനഃരാരംഭിക്കണം. മുൻ വർഷങ്ങളിലേതു പോലെ പന്തളത്തും എരുമേലിയിലും നിലയ്ക്കലും പമ്പയിലും ഉള്ള സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ വഴി പരമാവധി തീർത്ഥാടകർക്ക് ദിവസവും ശബരിമലയിൽ ദർശനം സാധ്യമാക്കണമെന്നും എസ്ഡിപിഐ ആവശ്യപെട്ടു.