തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാര്‍ പരിശോധിക്കാന്‍ വേണ്ടി വീണ്ടും സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. കരാറുമായി ബന്ധപ്പെട്ട് ആദ്യം അന്വേഷിച്ച മാധവന്‍ നായര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ പുതിയ സമിതി പരിശോധിക്കും. പുതിയ കമ്മിറ്റിയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്പ്രിംക്ലര്‍ കമ്പിനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചെന്ന മാധവന്‍ നമ്പ്യാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടാണ് പരിശോധിക്കുന്നത്.
വിരമിച്ച ജില്ലാ ജഡ്ജി ശശിധരന്‍ നായരുടെ നേതൃത്വത്തിലാണ് പുതിയ സമിതി. മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കാനാണ് പുതിയ സമിതിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭ തീരുമാനമില്ലാതെ സ്പ്രിംക്ലര്‍ കമ്പിനിക്ക് കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമെന്ന് മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.
ഇതിനിടെയാണ് വീണ്ടും അന്വേഷണ സമിതിയെ പ്രഖ്യാപിച്ചത്. ആദ്യ സമിതിയുടെ കണ്ടെത്തലുകളെ അട്ടിമറിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ടേംസ് ഓഫ് റഫറന്‍സ് ആദ്യ സമിതിക്ക് സമാനമാണ്. അസാധാരണ സാഹചര്യത്തിലെ അസാധാരണ തീരുമാനമെന്നായിരുന്നു സ്പ്രിംക്ലര്‍ കരാറിനെ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. കരാറാകെ വിവാദമായതോടെ മുന്‍ വ്യോമയാന സെക്രട്ടറി മാധവന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. കരാര്‍ നല്‍കിയതിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു, ഒപ്പം ശുപാര്‍ശകളും. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിട്ടില്ല. അതിന്മേല്‍ മറ്റൊരു നടപടിക്കും മുതിരാതെ അത് കൂടി പഠിക്കാനായി പുതിയ സമിതിയെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
റിട്ട.ജില്ലാ ജഡ്ജി കെ ശശിധരന്‍ നായര്‍, കംപ്യൂട്ടര്‍ സയന്‍സ് വിദഗ്ധരായ ഡോ വിനയ ബാബു, ഡോ ഉമേഷ് ദിവാകരന്‍ എന്നിവരാണ് പുതിയ സമിതി അംഗങ്ങള്‍. ആദ്യ സമിതിയുടെ ടേംസ് ഓഫ് റഫറന്‍സിലുണ്ടായിരുന്ന നടപടി ക്രമങ്ങളിലെ വീഴ്ച, അസാധാരണ സാഹചര്യത്തിലെ തീരുമാനം, ഡേറ്റാ സെക്യൂരിറ്റി തുടങ്ങിയവ പുതിയ സമിതിയുടെ പരിശോധനയിലും ഉള്‍പ്പെടുത്തി. ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ചതിലൂടെ സര്‍ക്കാര്‍ ആദ്യ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്ന സൂചനകള്‍ കൂടിയാണ് പുറത്ത് വരുന്നത്.