തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് വന്‍ വിവാദം സൃഷ്ടിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധങ്ങള്‍ നടത്തുന്നതിനിടയില്‍ അതിന് മുമ്പ് പ്രതിപക്ഷം ഉന്നയിച്ച വിവാദ കരാറുകളില്‍ റിവേഴ്‌സ് ഗീയര്‍ ഇട്ട് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് കാലത്ത് സര്‍ക്കാരിന് ഏറ്റവും വിമര്‍ശനം കേള്‍പ്പിച്ച സ്പ്രിംഗ്‌ളര്‍, പിഡബ്ള്യൂസി കരാറുകള്‍ പുതുക്കാതെ സര്‍ക്കാര്‍. ഇ മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഒഴിവാക്കിയ സര്‍ക്കാര്‍ വിവാദ കമ്പനി സ്പ്രിംഗ്ലറുമായുള്ള കരാറും അവസാനിപ്പിച്ചു.
ഇതിലൂടെ വലിയ വിവാദങ്ങള്‍ക്കാണ് സര്‍ക്കാര്‍ വിരാമമിട്ടത്. കോവിഡ് ബാധിതരുടെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കാന്‍ യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി സ്പ്രിംഗ്ലറിനെതിരേ പ്രതിപക്ഷ നേതാവാണ് വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടു വന്നത്. ഇത് പിന്നീട് സര്‍ക്കാരിന് വന്‍ തലവേദനയായിരുന്നു സൃഷ്ടിച്ചത്. ജനങ്ങളുടെ ആരോഗ്യ വിവരങ്ങളും വ്യക്തിവിവരങ്ങളും കമ്പനിക്ക് കച്ചവടം ചെയ്‌തെന്നും വന്‍ അഴിമതി എന്നും ആരോപിച്ചിരുന്നു. വിവാദ പശ്ചാത്തലത്തില്‍ ശേഖരിച്ച വിവരങ്ങളെല്ലാം നശിപ്പിച്ചെന്ന് സ്പ്രീംഗ്‌ളര്‍ കമ്പനി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
നിയമപോരാട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെയും ഐടി സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിവാദങ്ങള്‍ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ഇറങ്ങേണ്ടിയും വന്നു. പ്രതിരോധിച്ചും നിലപാട് മയപ്പെടുത്തിയും വിവാദത്തിന്റെ ശക്തി കുറച്ച സര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും വിവാദം ഒഴിവാക്കാന്‍ കരാറില്‍ നിന്നും പിന്മാറി. ഗതാഗത വകുപ്പിന് കീഴിലെ ഇ ബസ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഇ മൊബിലിറ്റി പദ്ധതിക്കുള്ള കരാറില്‍ നിന്നാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഒഴിവാക്കിയത്. നിശ്ചിത സമയത്തിനുള്ളില്‍ സാധ്യതാ പഠന റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. റിപ്പോര്‍ട്ട് നല്‍കാന്‍ നല്‍കിയിരുന്ന സമയം മാര്‍ച്ച് 31 ആയിരുന്നു.
അതേസമയം സര്‍ക്കാരിന്റെ നിലവിലെ നിലപാടുകള്‍ തങ്ങളുടെ വിജയമാശണന്നും ആരോപണം ശരിവെച്ചതാണ് സര്‍ക്കാര്‍ നടപടിയെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഓട്ടോമൊബൈല്‍ ലിമിറ്റഡ് സ്വിസ് കമ്പനിയായ ഹെസ്സുമായി ചേര്‍ന്ന് 3000 ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിക്കല്‍, വിവിധ ജില്ലകളില്‍ ലോജിസ്റ്റിക് പോര്‍ട്ടുകള്‍ എന്നിവയായിരുന്നു ഇ മൊബിലിറ്റിയിലെ പദ്ധതികള്‍.
ആഗോള ടെന്‍ഡര്‍ വിളിക്കാതെ ഹെസ്സുമായി ധാരണയില്‍ എത്തിയതാണ് അഴിമതി ആരോപണത്തിന് കാരണമായത്. സാധ്യതാപഠനം പോലും നടത്താതെ പദ്ധതി തീരുമാനിച്ചതിനെ ധനവകുപ്പും വിമര്‍ശിച്ചിരുന്നു. കരാര്‍ പ്രകാരം സ്പ്രിംഗ്ലറുമായുള്ള കരാര്‍ കാലാവധി ഇന്ന് അവസാനിക്കും. ഏപ്രില്‍ 2 നായിരുന്നു വിവര ശേഖരത്തിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ സ്പ്രിംഗ്ലറിന് സര്‍ക്കാര്‍ നല്‍കിയത്. അതില്‍ മാര്‍ച്ച് 25 മുതല്‍ ആറു മാസത്തേക്കോ കോവിഡ് നിയന്ത്രണ വിധേയമാകുന്ന കാലത്തേക്കോ ആയിരുന്നു കരാര്‍. ഇതില്‍ ഏത് സംഭവിച്ചാലും കരാര്‍ അവസാനിക്കും എന്നായിരുന്നു നിബന്ധന. കാലാവധിക്ക് ശേഷം കക്ഷികളുടെ സമ്മതം അനുസരിച്ച് വേണമെങ്കില്‍ കരാര്‍ പുതുക്കാനും വ്യവസ്ഥ ചെയ്തിരുന്നു. വിവരങ്ങളുടെ അവകാശവും ഉത്തരവാദിത്വവും സര്‍ക്കാരിന് തന്നെയായിരിക്കും എന്നും അവസാനിക്കുമ്പോള്‍ ഇവ ഒഴിവാക്കുമെന്നും പിന്നീട് അവകാശം സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റു കാര്യങ്ങള്‍ക്ക് ഉപകരിക്കില്ലെന്നും സ്പ്രിംഗഌ വ്യവസ്ഥ ചെയ്തിരുന്നു.