തിരുവനന്തപുരം : പ്രവര്‍ത്തനാനുമതിയില്ലെങ്കിലും പരീക്ഷ നടത്താന്‍ തയ്യാറായി കോളേജ് അധികൃതര്‍ നീങ്ങിയതോടെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. വര്‍ക്കല എസ്.ആർ. മെഡിക്കൽ കോളജിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി പറയുന്നത്. മൂന്നാം വർഷ പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
എസ്.ആർ മെഡിക്കൽ കോളജിൽ മൂന്നാം വർഷ പരീക്ഷ ജനുവരി പത്തിനാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസുകൾ നടത്താതെ എങ്ങനെ പരീക്ഷ എഴുതുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക. എസ് ആർ മെഡിക്കൽ കോളജിന്റെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടർ നടപടികൾ മനപൂർവ്വം വൈകിപ്പിക്കുകയാണെന്നാണ് വിദ്യാർഥികളുടെ ആരോപണം.