തിരുവനന്തപുരം : ദേശീയ പ്രാധാന്യമുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ഭരണസ്തംഭനം ഒഴിവാക്കാന്‍ അടിയന്തിര ഇടപെടല്‍. മുതിര്‍ന്ന ഡോക്ടര്‍ ജയകുമാറിന് ഡയറക്ടറുടെ ചുമതല നല്‍കി ഉത്തരവിറങ്ങി. ഉത്തരവു കിട്ടയതിനു പിന്നാലെ ഡോക്ടര്‍ ചുമതലയേറ്റു.
ഡയറക്ടറുടെ കാലാവധി അനധികൃതമായി നീട്ടിയതിനെ തുടർന്നുണ്ടായ സംഭവപരമ്പരകളുടെ അനന്തര ഫലമായാണ് ഭരണസ്തംഭനത്തിലേയ്ക്ക് എന്ന അവസ്ഥ ഉടലെടുത്തത്. ഇക്കഴിഞ്ഞ ജൂലായിലാണ് ഡയറക്ടറുടെ കാലാവധി ഈസ്റ്റിറ്റ്യൂട്ട് ഭരണസമിതി നീട്ടിക്കൊടുത്തത്. കേന്ദ്രത്തിന്റെ അനുമതി കൂടാതെയുള്ള ഈ തീരുമാനത്തിന് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അംഗീകാരം ലഭിച്ചിരുന്നില്ലെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് സമർത്ഥിച്ച് ഡയറക്ടർ തൽസ്ഥാനത്ത് തുടരുകയായിരുന്നു. അന്യായമായ ഈ തീരുമാനത്തിനെതിരെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭൂരിപക്ഷം വരുന്ന മുപ്പത്തഞ്ചോളം ഡോക്ടർമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകിയിരുന്നു.
വിശദമായ വിശകലനങ്ങൾക്കു ശേഷം ട്രൈബ്യൂണൽ ഈ ഹർജിയിൽ കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിക്കുകയുണ്ടായി. ഡയറക്ടറുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയുടെ തീരുമാനം മുൻകാലപ്രാബല്യത്തോടെ റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു വിധി.
നിയമവ്യവസ്ഥിതികളെ കാറ്റിൽ പറത്തിക്കൊണ്ട് സ്ഥാനമൊഴിയാതെ ഡയറക്ടർ അവധിയിൽ പ്രവേശിച്ചതോടെ ശ്രീചിത്രയ്ക്ക് ഔദ്യോഗികമായി ഡയറക്ടർ ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയായിരുന്നു. ഇത്തരം അവസരങ്ങളിൽ മെഡിക്കൽ വകുപ്പിലെ ഏറ്റവും സീനിയറായ ഡോക്ടറെ താൽക്കാലിക ഡയറക്ടറായി നിയമിക്കുക എന്നതാണ് ശ്രീചിത്രയുടെ നിയമാവലി നിർദ്ദേശിക്കുന്നത്. തുടർന്ന് മുതിര്‍ന്ന ഡോക്ടര്‍ ജയകുമാറിന് ഡയറക്ടറുടെ ചുമതല നല്‍കി ഉത്തരവിറക്കുകയായിരുന്നു.