തിരുവനന്തപുരം : ജീവിച്ചിരുന്നപ്പോള്‍ തന്നെ കര്‍മ്മം കൊണ്ട് വിശുദ്ധി നേടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ടെന്നും അവരെ മനസ്സിലാക്കാന്‍ സഖാക്കള്‍ക്ക് കഴിയില്ലെന്നും വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ‘മരണം ആരെയും വിശുദ്ധരാക്കുന്നില്ല’ എന്ന സ്ഥിരം പല്ലവിയാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിലും പി ടി തോമസിന്റെ മരണത്തിലും അവര്‍ ആവര്‍ത്തിച്ചതെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാന്‍ കഴിയൂ എന്ന ചിന്ത സഖാക്കളുടെ ഉപബോധ മനസ്സില്‍ ഉണ്ടായിരിക്കാം എന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ;
മരണം ആരെയും വിശുദ്ധരാക്കുന്നില്ലത്രേ!
ചില സഖാക്കളുടെ അടുത്തകാലത്തെ സ്ഥിരം ലൈനാണ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിലും ഇന്ന് പി.ടി തോമസിന്റെ മരണത്തിലും അവര്‍ ആവര്‍ത്തിച്ചത് ഇതേ വാക്യം തന്നെ. ഇവര്‍ക്കൊന്നും വിശുദ്ധരാകാന്‍ മരണത്തിന്റെ ആവശ്യമില്ല എന്നു മനസ്സിലാക്കുക. ജീവിച്ചിരുന്നപ്പോള്‍ തന്നെ കര്‍മ്മം കൊണ്ട് വിശുദ്ധി നേടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട്. സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാന്‍ കഴിയൂ എന്ന ചിന്ത നിങ്ങളുടെ ഉപബോധ മനസ്സില്‍ ഉണ്ടായിരിക്കാം. എന്നാലത് നിങ്ങളുടെ കെട്ടുവള്ളിയുടെ പുറത്തുള്ളവര്‍ക്ക് ബാധകമേയല്ലെന്ന് തിരിച്ചറിയുക. അനഭിമതരായവരുടെ മരണങ്ങളില്‍ ഇനിയും നിങ്ങള്‍ ഈ വാക്യം ആവര്‍ത്തിക്കും. അത് അവരോട് പിടിച്ചു നില്‍ക്കാന്‍ കഴിയാതിരുന്ന നിങ്ങളുടെ നേതൃത്വ പാപ്പരത്തത്തെയും നിങ്ങളുടെ വിവരക്കേടിനെയും തുടര്‍ന്നും ഞങ്ങള്‍ക്കു മുന്‍പില്‍ തുറന്നുകാട്ടും. വന്ദിച്ചില്ലെങ്കിലും (അനവസരത്തിലെങ്കിലും) നിന്ദിക്കരുതെന്ന പ്രമാണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും അഭിനയിക്കാനെങ്കിലും ശ്രമിക്കുക. നിങ്ങള്‍ മനുഷ്യരാണെന്ന് കരുതി അഭിനയിക്കാന്‍ ഞങ്ങളും ശ്രമിക്കാം.