തിരുവനന്തപുരം : കേരള വനിതാ കമ്മിഷന്റെ 2020-ലെ മാധ്യമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ട്/ഫീച്ചർ (മലയാളം, അച്ചടിമാധ്യമം) വിഭാഗത്തിൽ മാതൃഭൂമി തൃശ്ശൂർ സബ് എഡിറ്റർ ശ്രീകല എസ് തയ്യാറാക്കിയ അളിയൻ സുഹ്റ ആള് പൊളിയാണ് തെരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ തന്റെയും സമൂഹത്തിന്റെയും വഴിത്താര പ്രകാശനമാനമാക്കുന്ന ഒരു സാധാരണക്കാരിയെ അവതരിപ്പിച്ചതിനാണ് പുരസ്കാരം.
മികച്ച റിപ്പോർട്ട്/ഫീച്ചർ (മലയാളം ദൃശ്യമാധ്യമം) വിഭാഗത്തിൽ മാതൃഭൂമി ന്യൂസ് സബ് എഡിറ്റർ/റിപ്പോർട്ടർ റിയ ബേബിക്കാണ് പുരസ്കാരം. സാധാരണ സ്ത്രീയിൽ നിന്ന് പക്ഷിനിരീക്ഷകയായി വളർന്ന സുധ എന്ന സ്ത്രീയെക്കുറിച്ചുള്ള റിപ്പോർട്ടാണ് അവാർഡിന് തെരഞ്ഞെടുത്തത്.
മികച്ച ഫോട്ടോഗ്രഫി വിഭാഗത്തിൽ കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രഫർ എൻ.ആർ.സുധർമദാസ്, മികച്ച വീഡിയോഗ്രഫി വിഭാഗത്തിൽ മീഡയവൺ കാമറാമാൻ മനേഷ് പെരുമണ്ണയും അർഹരായി.
ഇംഗ്ലീഷ് വിഭാഗത്തിൽ നിന്ന് മതിയായ എണ്ണം എൻട്രികൾ ലഭിക്കാത്തതിനാൽ പുരസ്കാരം നൽകിയിട്ടില്ല. കമ്മിഷൻ അംഗങ്ങളും പ്രശസ്ത മാധ്യമപ്രവർത്തകരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, സരിത വർമ എന്നിവരുമടങ്ങിയ പാനൽ ആണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. ഫോട്ടോഗ്രഫി വിഭാഗത്തിൽ കമ്മിഷൻ അംഗങ്ങൾക്കു പുറമേ പ്രശസ്ത ഫോട്ടോഗ്രഫർ ബി.ജയചന്ദ്രൻ, ഐപിആർഡി ചീഫ് ഫോട്ടോഗ്രഫർ വി.വിനോദ് എന്നിവരും ഉൾപ്പെട്ട പാനലാണ് വിധി നിർണയിച്ചത്.