തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെതിരെ യോജിച്ച നീക്കവുമായി ശ്രീനാരായണ സംഘടനകൾ. ഹൈക്കോടതി അയോഗ്യത കൽപ്പിച്ച എസ്എൻഡിപി യോഗം ഭാരവാഹികളുടെ അഴിമതിയെപ്പറ്റി അന്വേഷിക്കണമെന്ന് പ്രൊഫസർ എം കെ സാനു ആവശ്യപ്പെട്ടു. ഗോകുലം ഗോപാലൻ ചെയർമാനായ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ ധർണ നടത്തും.
നോൺ ട്രേഡിങ് കമ്പനിസ് ആക്ട് പ്രകാരമുള്ള വാർഷിക റിട്ടേണുകൾ എസ് എൻ ഡി പി യോഗം 2013 മുതൽ 19 വരെ സമർപ്പിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി സാനുമാസ്റ്റർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ 4 യോഗം ഡയറക്ടർമാരെ അയോഗ്യരാക്കി ഉത്തരവിട്ടിരുന്നു. ഡയറക്ടർമാരുടെ ഭാഗം കേട്ടശേഷം വിഷയത്തിൽ തീർപ്പുകൽപ്പിക്കാൻ രജിസ്ട്രേഷൻ ഐജിയോട് നിർദ്ദേശിച്ചു. എന്നാൽ വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എം കെ സാനു മാസ്റ്റർ പറഞ്ഞു.
എസ്എൻ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പുകേസിലും കെകെ മഹേശന്‍റെ ദുരൂഹ മരണത്തിലും അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് 6 ശ്രീനാരായണ സംഘടനകളുടെ സംയുക്ത സമിതി ജനുവരി 15ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് ചെയർമാൻ ഗോകുലം ഗോപാലൻ അറിയിച്ചു. പ്രൊഫസർ എം കെ സാനു രക്ഷാധികാരിയായ പുതിയ കൂട്ടായ്മയിൽ ശ്രീ നാരായണ സഹോദര ധർമവേദി, ശ്രീനാരായണ സേവാസംഘം, എസ്എൻഡിപി യോഗം സംരക്ഷണസമിതി, ശ്രീനാരായണ ധർമ്മവേദി, എസ്എൻഡിപി യോഗം സമുദ്ധാരണ സമിതി ശ്രീനാരായണ സാംസ്കാരിക സമിതി എന്നീ സംഘടനകളാണ് ഉള്ളത്.