പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതികളില്‍ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പോലീസിന്റെ അനുമാനം. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളാണ് ഇവരെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനാണെന്നും വ്യക്തമായിട്ടുണ്ട്.
ഈ ബൈക്ക് വല്ലപ്പുഴ കടന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് മനസിലാക്കിയിട്ടുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബൈക്കില്‍ സഞ്ചരിച്ചത് ഫിറോസും ഉമ്മറുമാണ്. അബ്ദുള്‍ ഖാദര്‍ ആക്ടീവ സ്‌കൂട്ടറില്‍ ആയിരുന്നു. 2018 ല്‍ ഹേമാംബിക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന തീവെപ്പ് കേസിലും അബ്ദുള്‍ ഖാദര്‍ പ്രതിയാണെന്നാണ് പോലീസ് നിഗമനം. ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സ്വന്തം കടയ്ക്കുള്ളില്‍ വെച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറ് പേരുടെ സംഘമാണ് കൊലപാതകം നടത്തിയത്.