കോഴിക്കോട് : എല്‍.ജെ.ഡിയില്‍ വിമതപ്രവര്‍ത്തനം നടത്തിയവര്‍ക്ക് വിശദീകരണം നല്‍കാന്‍ 48 മണിക്കൂര്‍ സമയം നല്‍കി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍. കാരണം കാണിക്കല്‍ നോട്ടീസ് കൈമാറുമെന്നും ഇതിന് തിങ്കളാഴ്ച മറുപടി നല്‍കണമെന്നും ശ്രേയാംസ് കുമാര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘടന വിരുദ്ധപ്രവര്‍ത്തനം നടന്നു, അതിനെ പാര്‍ട്ടി അപലപിക്കുന്നു. വ്യക്തമായ മറുപടി നല്‍കി തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയില്‍ തുടരാം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെറ്റ് ചെയ്തവരാണ്. ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ പാര്‍ട്ടി ഭരണഘടന അനുശാസിക്കുംവിധം അവര്‍ക്ക് തിരിച്ചുവരാന്‍ അവസരം നല്‍കുകയാണ്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പലതവണ ചര്‍ച്ച ചെയ്തു. പാര്‍ട്ടിയുടെ 11 ജില്ലാ അധ്യക്ഷന്‍മാരും നാലുപേരൊഴിച്ചുള്ള മുഴുവന്‍ ഭാരവാഹികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.
നവംബര്‍ 17ലെ സംസ്ഥാന നേതൃയോഗ തീരുമാനപ്രകാരം എം.വി. ശ്രേയാംസ്കുമാറിനോട് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഷെയ്ക് പി. ഹാരിസ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സംസ്ഥാന കമ്മറ്റി നിരാകരിച്ചതായി ശ്രേയാംസ് വ്യക്തമാക്കി. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, കെ.പി. മോഹനന്‍ എം.എല്‍.എ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തിരുത്താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഷെയ്ക് പി. ഹാരിസ് വിഭാഗം
തിരുത്താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രേയാംസ് പറഞ്ഞത് വാസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഷെയ്ക് പി. ഹാരിസ് വിഭാഗം വ്യക്തമാക്കി. തീരുമാനമെടുക്കേണ്ടത് സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവുമാണ്. വിശദീകരണം തേടാനുള്ള ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനം തള്ളുന്നുവെന്നും അവര്‍ പറഞ്ഞു.
ആഭ്യന്തര കലഹം മൂര്‍ച്ഛിച്ച എല്‍.ജെ.ഡിയിലെ ശ്രേയാംസ് വിഭാഗമാണ് ഇന്ന് രാവിലെ കോഴിക്കോട് യോഗം ചേര്‍ന്നത്. ഷെയ്ക് പി. ഹാരിസ് വിഭാഗം ആലപ്പുഴയില്‍ യോഗം ചേര്‍ന്നു. തങ്ങളാണ് ഔദ്യോഗിക പക്ഷമെന്ന അവകാശവാദവുമായി ഷെയ്ക് പി. ഹാരിസ് വിഭാഗം വെള്ളിയാഴ്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരുന്നു. അണികള്‍ ഭൂരിപക്ഷവും ഒപ്പമുള്ളതിനാല്‍ എല്‍.ജെ.ഡി ഔദ്യോഗിക പക്ഷമായി തങ്ങളെ അംഗീകരിക്കണമെന്നും ഷേക് പി. ഹാരിസ് വിഭാഗം എ. വിജയരാഘവനോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്, കാനം രാജേന്ദ്രന് എന്നിവരെയും ഇവര്‍ കണ്ടിരുന്നു. വിട്ടുവീഴ്ച ചെയ്ത് യോജിച്ച് പോകാന്‍ ശ്രമിക്കണമെന്ന നിര്‍ദേശമാണ് കോടിയേരിയും വിജയരാഘവനും നല്‍കിയത്. ഭിന്നിച്ച് നില്‍ക്കുന്നത് മുന്നണിക്ക് പ്രശ്നം സൃഷ്ടിക്കുമെന്നും അവര്‍ അറിയിച്ചു.