കൊളംബോ: മാലിദ്വീപിലെത്തിയ ഗോട്ട പ്രതിഷേധം ശക്തമായതോടെ സിംഗപൂരിലേക്ക് അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. ബുധാനാഴ്ച രാജിവയ്ക്കുമെന്നും സമാധാനപാരമായി അധികാര കൈമാറ്റം നടത്തുമെന്നും ഗോട്ടബായ രാജപക്‌സെ നേരത്തേ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യാതെയാണ് ഗോട്ടബായയുടെ ഒളിച്ചോട്ടം. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വെള്ളിയാഴ്ച ചേരും. പ്രസിഡന്റായതിനാല്‍ അറസ്റ്റില്‍നിന്ന് ഗോട്ടബായയ്ക്ക് സംരക്ഷണമുണ്ട്. രാജിവച്ചശേഷം തടവിലാക്കപ്പെടാതിരിക്കാനാണ് അദ്ദേഹം രജ്യം വിട്ടത്. ഗോട്ടബയ രക്ഷപ്പെട്ടെങ്കിലും സഹോദരൻമാരായ മഹിന്ദ രാജപക്സെയും ബേസിലും ഇപ്പോഴും ശ്രീലങ്കയിൽ തന്നെയുണ്ട്.
ബുധനാഴ്ച പുലർച്ചെ 3 മണിക്കാണ് കൊളംബോയിൽ നിന്ന് വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ ഗോട്ടബയ രാജപക്സെയും ഭാര്യയും ഉൾപ്പെടെ 13 പേർ മാലിദ്വീപിലെത്തിയത്. വെലാന വിമാനത്താവളത്തിലെത്തിയ ഗോട്ടയെ റിസോർട്ടിലേക്ക് മാറ്റി. പുതിയ സർക്കാർ വന്നാൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന ഗോട്ട അമേരിക്കൻ വിസയ്ക്കാണ് ആദ്യം ശ്രമിച്ചത്. എന്നാൽ വിസ നൽകാൻ യുഎസ് തയാറായില്ല. തുടർന്നാണ് അയൽരാജ്യമായ മാലിദ്വീപിലേക്ക് പറന്നത്.എന്നാല്‍ മാലിദ്വീപിലെ മുഖ്യപ്രതിപക്ഷമായ പ്രോഗ്രസീവ് പാർട്ടി പ്രക്ഷോഭവുമായി രംഗത്തെത്തി. ഗോട്ടയെ സ്വീകരിക്കുക വഴി അയൽരാജ്യത്തെ സഹോദരങ്ങളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടർന്നാണ് ഗോട്ട സിംഗപ്പൂരിലേക്കു നീങ്ങാൻ തീരുമാനിച്ചത്.