കൊച്ചി : ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍റെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കഴിഞ്ഞ ദിവസം കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. സ്പീക്കറുടെ ഔദ്യോഗിക വിദേശ യാത്രകളെല്ലാം തയ്യാറാക്കുന്നതിന്റെ ചുമതല തനിക്കാണെങ്കിലും താന്‍ ഒരിക്കല്‍ പോലും വിദേശരാജ്യം സന്ദര്‍ശിച്ചിട്ടില്ലെന്ന് അയ്യപ്പന്‍ മൊഴി നല്‍കി.
‘ഒരിക്കല്‍ പോലും വിദേശ രാജ്യം സന്ദര്‍ശിച്ചിട്ടില്ല. സ്‌പീക്കര്‍ ഔദ്യോഗിക വിദേശയാത്രകള്‍ക്കു പുറമേ, സ്വകാര്യയാത്രകളും നടത്തിയിട്ടുണ്ട്. സ്‌പീക്കറുടെ ഓഫീസില്‍ സ്വപ്‌നയും സരിത്തും പലതവണ വന്നിട്ടുണ്ട്. അങ്ങനെ ഇവരെ പരിചയമുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിനേയോ അഡ്‌മിന്‍ അറ്റാഷെയെയോ പരിചയമില്ല’- അയ്യപ്പന്‍ കസ്റ്റംസിന് മുമ്ബാകെ മൊഴി നല്‍കി.
സ്‌പീക്കറുടെ വിദേശയാത്രകളില്‍ അയ്യപ്പനും ഉണ്ടായിരുന്നുവെന്ന് സ്വപ്നയും സരിത്തും മൊഴി നല്‍കിയിരുന്നു. തങ്ങളെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തിയാണു ഡോളര്‍ അടങ്ങിയ ബാഗ് ഏല്‍പിച്ചതെന്നും ആ സമയം അയ്യപ്പനെയും കണ്ടെന്നുമാണു ഇരുവരുടെയും മൊഴി. ഇതിനെ തുടര്‍ന്നാണ് അയ്യപ്പനെ ചോദ്യം ചെയ്യാനായി വിളിച്ചുവരിത്തിയത്.