തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.70 ആണ്. 2060 സെന്ററുകളിലായി 4.20 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 417864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പിന്തുണ നല്‍കിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു. ടിഎച്ച്എസ്എല്‍സി., ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു.
ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്. പരീക്ഷാ ഫലം പരിശോധിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നാല് മണി മുതല്‍ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.