തിരുവനന്തപുരം : കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു കളക്ടർ നവ്ജ്യോത് ഖോസ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർടിപിസിആർ പരിശോധന നടത്തണമെന്നു കളക്ടർ അഭ്യർഥിച്ചു.
കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്ക് ഫോഴ്സ് യോഗത്തിലാണു തീരുമാനങ്ങൾ. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണം. ടെസ്റ്റ് നെഗറ്റീവാണെങ്കിൽപ്പോലും രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം.
ഇന്നു മുതൽ എസ്എസ്എൽസി പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ വീടുകളിൽ നിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയോ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ കാണാൻ പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാകണം. തെരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തുകളിൽ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി ഇരുന്നവരും രണ്ടു ദിവസത്തിനകം ആർടിപിസിആർ പരിശോധന നടത്തണമെന്നും കളക്ടർ പറഞ്ഞു.
രോഗ വ്യാപനം തടയുന്നതിനായി ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾ തയാറാകണം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ ബ്രേക് ദ ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങണം. ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ശക്തമാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങളോട് നിർദ്ദേശങ്ങളും പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.