തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയതിനിടെ മാറ്റിവെച്ച എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.
ഡിസംബര്‍ വരെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലായിരുന്നു. ജനുവരി മുതല്‍ റിവിഷന്‍ ആരംഭിച്ചു. ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. കോവിഡ് മാറ്റി മറിച്ച അദ്ധ്യയന വര്‍ഷം പൂര്‍ത്തിയാക്കി എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ ഇന്ന് പരീക്ഷക്ക് എത്തുകയാണ്. 2947 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,226 വിദ്യാര്‍ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. 2004 കേന്ദ്രങ്ങളിലായി 446471 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കണ്ടറി പരീക്ഷയും എഴുതുംന്നു. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചക്ക് ശേഷം എസ് എസ് എല്‍ സി പരീക്ഷയും നടക്കും. റംസാന്‍ നോമ്പ് പരിഗണിച്ച് 15 മുതല്‍ എസ് എസ് എല്‍ സി പരീക്ഷകള്‍ രാവിലെയാണ് നടക്കുക. ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളില്‍ നിന്നാകും ഭൂരിഭാഗം ചോദ്യങ്ങളും. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ട.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷാ നടത്തിപ്പ്. മാസ്‌കും സാനിറ്റൈസിങ്ങും നിര്‍ബന്ധമാണ്. കൂട്ടംകൂടിയിരിക്കാന്‍ അനുവദിക്കില്ല. കോവിഡ് ബാധിതര്‍ക്കും, നിരീക്ഷണത്തിലുളളവര്‍ക്കും പ്രത്യേക മുറികളില്‍ പരീക്ഷയെഴുതാം. കുടിവെളളവും മറ്റ് സാധനങ്ങളും വിദ്യാര്‍ഥികള്‍ പങ്കുവെയ്‌ക്കരുതെന്നും നിര്‍ദേശമുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷ ആരംഭിക്കുന്നതിനാല്‍ അടച്ചിടലിലേക്ക് പോകാതെ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്താനാണ് തീരുമാനം.
പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്ന് മാതാപിതാക്കളോ ബന്ധുക്കളോ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയോ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ കാണാന്‍ പോകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കു വിധേയരാകണം. തെരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തുകളില്‍ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി ഇരുന്നവരും രണ്ടു ദിവസത്തിനകം ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നും കളക്ടര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ഒരാഴ്ചത്തെ കര്‍ശന നിയന്ത്രണം നടപ്പാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാക്കും.മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കും. രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റീന്‍ തുടരും. താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം തടയാന്‍ പോലീസ് പരിശോധന വീണ്ടും ആരംഭിക്കും.
മാസ്ക്, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കാനും ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. വാക്സിനേഷന്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.