തിരുവനന്തപുരം : എസ്.എസ്.എല്‍.സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ച തീയതികളില്‍തന്നെ നടത്താന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ 21 വരെയും എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയും നടത്താനാണ് തീരുമാനം. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ്. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും.
ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ ഫെബ്രുവരി 14ന് തുടങ്ങുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ ശുചീകരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ തവണ സ്കൂള്‍ തുറക്കുമ്പോള്‍ പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ചാകും ഇത്തവണയും തുറക്കല്‍. നിശ്ചയിച്ച പാഠഭാഗങ്ങളില്‍ എത്ര പഠിപ്പിച്ചുവെന്ന കാര്യം യോഗം വിലയിരുത്തി. പത്താം ക്ലാസില്‍ 90 ശതമാനവും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. സമയബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്കി പഠിപ്പിച്ചു തീര്‍ക്കണം.
പഠനവിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താന്‍ നടപടി കൈക്കൊള്ളും. മലയോര – പിന്നാക്ക മേഖലകളില്‍ ബി.ആര്.സി റിസോഴ്സ് അധ്യാപകരുടെയും എസ്.എസ്.കെ, ഡയറ്റ് അധ്യാപകരുടെയും സേവനം ലഭ്യമാക്കും. അധ്യാപകരിലെ കോവിഡ് ബാധമൂലം പഠനം തടസ്സപ്പെടുന്നുണ്ടെങ്കില്‍ ദിവസവേതന നിരക്കില്‍ താല്‍ക്കാലികാധ്യാപകരെ നിയമിക്കാം. ആഴ്ചയിലൊരിക്കല്‍ വിദ്യാലയ അടിസ്ഥാനത്തില്‍ ജില്ലകളിലും ജില്ലകള്‍ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം. ഓഫ്ലൈന്, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ലാസുകള്‍ തുടരും.