പത്തനംതിട്ട : ജില്ലയിലെ എസ്. ടി മലൈപണ്ടാരം മൈക്രോപ്ലാൻ പ്രകാശനം പെരുനാട് ശബരിമല ഇടത്താവളത്തിൽ റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണനും ചെയ്തു. മലൈപണ്ടാരം സ്പെഷ്യൽ പ്രോജക്ട് ഓഫീസ് ഉദ്ഘാടനവും തുടർന്നദേഹം നിർവഹിച്ചു. റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ്റെ നേത്യത്വത്തിൽ ജില്ലയിലെ റാന്നി പെരുനാട്, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ എസ് ടി മലൈപണ്ടാരം കുടുംബങ്ങളുടെ മൈക്രോപ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. നാലു ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 235 കുടുംബങ്ങളുടെ വിവരങ്ങളാണ് ശേഖരിച്ചത്. പട്ടിക വർഗ്ഗ മേഖലയിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമായി ഒറ്റപ്പെട്ട പട്ടിക വർഗ്ഗ ഉന്നതികളിൽ താമസിക്കുന്നവരും സാമൂഹികമായി ഏറ്റവും പിന്നിൽ നിൽക്കുന്നവരുമായ പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്‌തു വരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി പ്രത്യേക മേഖലകളിലെ പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മൈക്രോപ്ലാൻ തയ്യാറാക്കി പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കി വരുന്നു. ഇതിനായി കേരള ബജറ്റിൽ പി.കെ. കാളൻ പദ്ധതി പ്രഖ്യാപിക്കുകയും അതിനായി പണം വകയിരുത്തുകയും ചെയ്‌തു. അതിന്റെ തുടർച്ചയായാണ് ജില്ലയിലെ മലൈപണ്ടാരം വിഭാഗത്തിലെ കുടുംബങ്ങളുടെ മൈക്രോപ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനം കുടുംബശ്രീ ജില്ലാമിഷൻ ഏറ്റെടുത്തത്. 2024 ജനുവരിയിൽ ആരംഭിക്കുകയും ഡിസംബറോടെ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. കോന്നി, റാന്നി ബ്ലോക്കുകളിലെ അരുവാപ്പുലം, തണ്ണിത്തോട്, സീതത്തോട്, റാന്നി പെരുനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 12 ഉന്നതികളിലായി 238 കുടുംബങ്ങളാണ് മലൈപണ്ടാര വിഭാഗത്തിലുള്ളത്. ഇതിൽ 109 കുടുംബങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട ഇടങ്ങളിലോ, ഇവർക്കായി അനുവദിച്ചു നൽകിയ സ്ഥലത്തോ സ്ഥിരമായി താമസിക്കാത്തവരാണ്. ജില്ലയുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക സൂചികയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങളാണ് മലൈപണ്ടാരം ഗോത്രത്തിലുള്ളത്. ഈ കുടുംബങ്ങളിൽ വലിയൊരു അംഗം ജനങ്ങളും വനത്തെ ഉപജീവിച്ച് കഴിയുന്നവരാണ്
ഇവരുടെ അടിസ്ഥാന ആവശ്യങ്ങളായ വീട്, സ്ഥലം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യ സേവനം, ഭക്ഷണ ലഭ്യത, കുട്ടികളുടെ വിദ്യാഭ്യാസം, ഉപജീവന മാർഗ്ഗത്തിനുള്ള തൊഴിൽ, പുതിയ ഉപജീവനത്തിന് പ്രാപ്‌തരാക്കൽ എന്നിവയെല്ലാം എല്ലാ കുടുംബങ്ങൾക്കും ലഭ്യമാകുന്നു എന്നുറപ്പാക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ മിഷൻ മൈക്രോപ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. മൈക്രോപ്ലാനിൽ കണ്ടെത്തിയ ഗുണഭോക്താക്കൾക്കുള്ള ജീവനോപാധി വിതരണോദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപിയും യൂത്ത് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യുവും നിർവഹിച്ചു. റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് ആദില സ്വാഗതം പറഞ്ഞു. റാന്നി പെരുനാട് വൈസ് പ്രസിഡന്റ് ഡി ശ്രീകല, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ അജിത്കുമാർ ആർ, നാറാണാമൂഴി സി ഡി എസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ, റാന്നി അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ശശി എം, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബിന്ദു രേഖ കെ, ആശംസകൾ പറഞ്ഞു. എസ് ഐ എസ് ടി ജില്ലാ പ്രോഗ്രാം മാനേജർ ഷാജഹാൻ ടി കെ നന്ദി പറഞ്ഞു.