അരുവിക്കര : വാട്ടര്‍ അതോറിറ്റി അരുവിക്കര ഡിവിഷന്‍ ഓഫീസ് അടച്ചു. താത്കാലിക ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള 13 ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ശനിയാഴ്ച മുതല്‍ 14 ദിവസത്തേക്കാണ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്ന കോട്ടുകാല്‍ പഞ്ചായത്തിലെ വേങ്ങപ്പൊറ്റ സ്വദേശിക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. എംപ്ലോയ്മെന്റ് മുഖേന ഡിവിഷന്‍ ഓഫീസില്‍ താത്കാലിക ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കു മുമ്പ് ജോലി മതിയാക്കി മടങ്ങിയിരുന്നു.
ശമ്പളവുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ശരിയാക്കുന്നതിനായി ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ ഡിവിഷന്‍ ഓഫീസില്‍ വന്നുപോയി. തുടര്‍ന്ന് വീട്ടില്‍ വെച്ച് പനിയും മറ്റു ലക്ഷണങ്ങളും കാണിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഓഫീസും പരിസരപ്രദേശങ്ങളും ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കി. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വിജയന്‍ നായര്‍ നേതൃത്വം നല്‍കി.