കൽപ്പറ്റ : വയനാട്ടിൽ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസുകളിൽ നിന്ന് ലക്ഷങ്ങളുടെ കോർട്ട് ഫീ സ്റ്റാമ്പുകൾ മോഷ്ടിച്ച് വിൽപ്പന നടത്തി. ഇടത് യൂണിയൻ നേതാവ് കൂടിയായ കെ.എസ്.ഇ ബി ജീവനക്കാരന്‍റെ നേതൃത്വത്തിലാണ് മോഷണം നടന്നത്. എന്നാൽ മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ കെ.എസ്.ഇ ബി തയ്യാറായില്ല.
ഉപഭോക്താക്കൾ വൈദ്യുതി കണക്ഷനായി നൽകുന്ന അപേക്ഷകളിൽ പതിക്കുന്ന സ്റ്റാമ്പുകളാണ് മോഷ്ടിച്ച് വിൽപ്പന നടത്തിയത്. വൈത്തിരി, മേപ്പാടി സെക്ഷൻ ഓഫീസുകളിലാണ് ലക്ഷങ്ങളുടെ സ്റ്റാമ്പ് മോഷണമുണ്ടായത്. അപേക്ഷയിൽ പതിക്കുന്ന കോർട്ടുഫീ സ്റ്റാബുകൾ ഫയൽ സ്വീകരിച്ചുകഴിഞ്ഞാൽ ക്രോസ്സ് ചെയ്യേണ്ടതാണ്. ഇത് ചെയ്യാതെ ബുക്കുകളിൽ നിന്ന് പറിച്ചെടുത്ത് വീണ്ടും പുതിയ എഗ്രിമെന്‍റ് ബുക്കിൽ പതിച്ച് വയർമാൻമാർ വഴിയായിരുന്നു വിൽപ്പന.
ഒരിക്കൽ ഉപയോഗിച്ച സ്റ്റാമ്പുകൾ വീണ്ടും പുതിയ ഉപഭോക്താക്കൾക്ക് നൽകും. വർഷങ്ങളായി മോഷണം തുടരുന്നത് ശ്രദ്ധയിൽപ്പെട്ട സെക്ഷനിലെ ചില ജീവനക്കാർ മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പി.എൻ അശോകിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടന്നു. വയർമാൻമാരിൽ നിന്ന് മൊഴി എടുത്തപ്പോൾ മോഷണത്തിന് പിന്നിൽ ഇടത് യൂണിയൻ നേതാവാണെന്ന് തെളിഞ്ഞു.
മോഷണം സംബന്ധിച്ച് എ്കസ്യുട്ടീവ് എൻജിനീയർ റിപ്പോർട്ട് നൽകിയിട്ടും ജീവനക്കാരനെതിരെ നടപടി എടുക്കാനോ പോലീസിൽ പരാതി നൽകാനോ കൽപ്പറ്റ കെ.എസ്.ഇ ബി ഡപ്യൂട്ടി ചീഫ് എൻജിനീയർ തയ്യാറായിട്ടില്ല. എൻജിനീയറുടെ പ്രതികരണം ഇങ്ങനെ. വഞ്ചനാകുറ്റവും മോഷണവുമുൾപ്പെടെ ചുമത്തി ക്രിമിനൽ കേസ് എടുക്കാൻ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് വകുപ്പു തല അന്വേഷണത്തിൽ ഒതുക്കി യൂണിയൻ നേതാവിനെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നത്.