ബംഗളുരു : ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലാണ് 1,132 നക്ഷത്ര ആമകളെ പോലീസ് പിടിച്ചെടുത്തത്. ആമകളെ കൊണ്ടുവന്ന കല്യാണ്‍, സിംഹാദ്രി, ചിക്കബെല്ലാപൂര്‍ ജില്ലയിലെ സിദ്‌ലഘട്ട താലൂക്കില്‍ നിന്നുള്ള ഐസക്, ബാഗേപള്ളി സ്വദേശി രാജപുത്ര എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ നാടോടികളാണെന്നും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനാതിര്‍ത്തികളില്‍ താമസിച്ച് കാട്ടില്‍ നിന്ന് നക്ഷത്ര ആമകളെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വാസ്തുവിനും മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ആളുകള്‍ക്കായാണ് ഇവര്‍ നക്ഷത്ര ആമകളെ വിറ്റിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഇത്തരത്തില്‍ വനത്തില്‍നിന്ന് നക്ഷത്ര ആമകളെ കടത്തിക്കൊണ്ടുവന്ന് വില്‍ക്കുന്നത് ഇവര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റി. ഈ ആമകളെ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് അവരുടെ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. നേരത്തെ 100 നക്ഷത്ര ആമകളെ മുംബൈയില്‍ വിറ്റിരുന്നതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു.
ബംഗളൂരുവിലെ ഗോരഗുണ്ടേപാളയ ബസ് സ്റ്റേഷനില്‍ നിന്ന് 963 നക്ഷത്ര ആമകളെ പിടികൂടിയ ശേഷം പോലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. പിന്നീട് മറ്റൊരു പ്രതിയെ ചിക്കമ്പല്ലാപ്പൂരില്‍ അറസ്റ്റ് ചെയ്യുകയും ഇയാളുടെ വസതിയില്‍ നിന്ന് കൂടുതല്‍ ആമകളെ പിടികൂടുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്‍റെ ഷെഡ്യൂള്‍ IV പ്രകാരം നക്ഷത്ര ആമകള്‍ സംരക്ഷിത മൃഗങ്ങളാണ്. ഇവയെ കൈവശം വച്ചാല്‍ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരും.