തിരുവനന്തപുരം : വിവാദങ്ങള്‍ക്കൊടുവില്‍ കേരള സ്റ്റാര്‍ട്ടപ് മിഷനിലെ സീനിയര്‍ ഫെലോ രാജിവെച്ചു. അമേരിക്കന്‍ പൗരത്വമുള്ള ലാബി ജോര്‍ജാണ് രാജിവെച്ചത്. വിദേശ പൗരത്വമുള്ള വനിതയെ സര്‍ക്കാര്‍ തസ്തികയില്‍ നിയമിച്ചത് ചട്ടലംഘനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണവും ശക്തമായിരുന്നു.
80000 രൂപ മാസ ശമ്പളത്തില്‍ സ്റ്റാര്‍ട്ടപ് മിഷനിലെ പ്രോഡക്‌ട് മാര്‍ക്കറ്റിങ് വിഭാഗത്തിലായിരുന്നു നിയമനം. വിദേശ പൗരത്വമുള്ളവരെ നിയമിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ഈ അനുമതി തേടിയിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒയുടെ വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ല. ഈ തസ്തികയ്ക്ക് അപേക്ഷിച്ച മറ്റുള്ളവരേക്കാള്‍ എന്തു യോഗ്യതയാണ് ലാബി ജോര്‍ജിന് ഉണ്ടായിരുന്നതെന്ന ചോദ്യവും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.
സ്റ്റാര്‍ട്ടപ് മിഷനില്‍ നിയമനം നേടുന്നതിന് മുമ്പ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പേരില്‍ സജീവമായിരുന്നു. അക്കാലത്ത് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വജയനുമെതിരെ അവര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നതെന്നാണ് സൈബര്‍ പോരാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് അവരും മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ നിയമനത്തില്‍ എതിര്‍പ്പുയര്‍ത്തിയത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് യോഗ്യതയില്ലാതെ ഐ.ടി വകുപ്പില്‍ നിയമനം നല്‍കിയതു സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലാബി ജോര്‍ജിന്റെ നിയമനവും ചര്‍ച്ചയായത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ് ലാബി ജോര്‍ജ് രാജിവെച്ചതെന്നും സൂചനയുണ്ട്.