ഇടവേളക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തെലുങ്കിൽ വേഷമിട്ട ചിത്രമാണ് ‘ഏജന്റ്’. അഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം മോശം അഭിപ്രായമാണ് നേടുന്നത്. ഏപ്രിൽ 28ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം ഏഴ് കോടി രൂപയായിരുന്നു കലക്ഷൻ.ചിത്രത്തിന്റെ പരാജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളിൽ ഒരാളായ അനിൽ സുൻകര. മികച്ച സ്ക്രിപ്റ്റില്ലാതെ പടം തുടങ്ങിയത് വൻ അബദ്ധമായെന്ന് ട്വിറ്ററിൽ കുറിച്ച അദ്ദേഹം, ഇനിയൊരിക്കലും ഇങ്ങനെയൊരു അബദ്ധം ആവർത്തിക്കില്ലെന്നും കുറിച്ചു. ആരാധകരുടെ വിമർശനങ്ങൾ അംഗീകരിക്കുന്നു.
2020 സെപ്റ്റംബറിൽ പ്രഖ്യാപിച്ച സിനിമക്ക് കോവിഡ് പോലുള്ള നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.റോ ചീഫ് ഓഫിസറായ മേജർ മഹാദേവ് എന്ന മുഴുനീള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹം തന്നെയാണ് ചിത്രം തെലുങ്കിൽ ഡബ്ബ് ചെയ്തത്. ഡിനോ മൊറിയ, സാക്ഷി വൈദ്യ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.