ആലപ്പുഴ : തകർച്ചയെ നേരിടുന്ന വ്യാപാര മേഖലയെ പിടിച്ച് ഉയർത്തുവാൻ ഉതകുന്ന ഒരു പ്രഖ്യാപനം ബജറ്റിൽ ഇല്ലാത്തത് നിരാശാജനകമാണെന്നും ഇത് വ്യാപാരികളോടുള്ള അവഗണനയുമാണെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
13000 കോടി രൂപ വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാനുണ്ട് എന്നാണ് ബജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. കാലാകാലങ്ങളായി ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുള്ള വാറ്റ് അസസ്മെന്റ് യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ഇതിൽ വ്യാപകമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പൊരുത്തക്കേടുകൾ തെളിയിക്കേണ്ടത് വ്യാപാരികളുടെ മാത്രം ബാധ്യതയെന്നാണ് വെയ്പ്. 1000 ശതമാനത്തിലധികം വരെ അസസ്മെന്റ് തുകയ്ക്കുള്ള നോട്ടീസുകൾ കൈപ്പറ്റിയ വ്യാപാരികൾക്ക് 50% ശതമാനം ആംനെസ്റ്റി പ്രഖ്യാപിച്ചത് ഈ മേഖലയിലെ പ്രശ്ന പരിഹാരത്തിന് പര്യാപ്തമല്ല.
മാത്രമല്ല വാറ്റ് കുടിശ്ശിക പിരിച്ചെടുക്കുവാൻ 75% ശതമാനം ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ആകെ തകർന്ന റീട്ടെയിൽ വ്യാപാര മേഖലയിൽ അശാന്തിയും പ്രതിസന്ധിയും ഭീകരാന്തരീക്ഷവും സൃഷ്ടിക്കും. ഇതിലൂടെ ചെറുകിട വ്യാപാര മേഖലയുടെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്നും രാജു അപ്സര പറഞ്ഞു.
വ്യാപാരി ക്ഷേമനിധിയിലേക്ക് 20 കോടി രൂപ അനുവദിച്ചത് സ്വാഗതം ചെയ്യുന്നു. ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തുകയുടെ പൂർണ്ണമായ വിതരണം ക്ഷേമനിധിയിലൂടെ കണ്ടില്ല. കേരളം പോലുള്ള ഉപഭോകൃത സംസ്ഥാനത്ത് ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തെ നിയന്ത്രിക്കാനുള്ള പ്രഖ്യാപനവും ഉണ്ടാവത്തതും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും രാജു അപ്സര പറഞ്ഞു.