തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ രൂപംകൊണ്ട അസ്വാരസ്യങ്ങള്‍ തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉടനുണ്ടാകുമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് മാസം മാത്രം ശേഷിക്കെ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി ഗൗരവത്തോടെയാണ് എ.ഐ.സി.സി നോക്കി കാണുന്നത്. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഏറ്റവുമധികം വിജയസാദ്ധ്യത കാണുന്ന സംസ്ഥാനവും കേരളം തന്നെയാണ്. ഗ്രൂപ്പ് വഴക്കുകളിലുടക്കി കേരളത്തിലെ വിജയം ഇല്ലാതാക്കാന്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ല.
ഇതോടെ കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായി. ഇപ്പോള്‍ പട്ടികയില്‍ ഇടംനേടിയ ആരേയും മാറ്റില്ല. പകരം കുറച്ച് പുതിയ ഭാരവാഹികളെ കൂട്ടിച്ചേര്‍ത്ത് എല്ലാവരേയും സംതൃപ്‌തിപ്പെടുത്തുന്ന നയമായിരിക്കും ഹൈക്കമാന്‍ഡ് സ്വീകരിക്കുക. ഭാരവാഹി പട്ടികയില്‍ ഇടം കിട്ടാതെ പോയവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനം നല്‍കണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പുളള അടി ഒഴിവാക്കാന്‍ മേയ് കഴിഞ്ഞ് പുന:സംഘടനയെപ്പറ്റി ആലോചിക്കാമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇനിയൊരു കൂട്ടിച്ചേര്‍ക്കല്‍ വേണ്ടായെന്ന് മുല്ലപ്പള്ളി പറയുന്നുണ്ടെങ്കിലും സ്ഥാനം കിട്ടാത്ത പലര്‍ക്കും പട്ടികയില്‍ ഇടം ഉണ്ടാകുമെന്ന് ഗ്രൂപ്പ് നേതാക്കള്‍ വാക്ക് കൊടുക്കുന്നുണ്ട്.
യു.ഡി.എഫിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കെ അനാവശ്യ വിവാദങ്ങള്‍ ഉയരുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്‌തിയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണസമിതി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ കെ.മുരളീധരനെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെടണമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം. സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനായി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ആരോടും ആലോചിക്കാതെ നേതാക്കള്‍ പേരുകള്‍ ഒഴിവാക്കിയെന്നാണ് മുരളീധരന്റ പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെയും അദ്ദേഹം അറിയിച്ചിരുന്നു.
കെ.പി.സി.സിയുടെ നിര്‍ദേശത്തിന്റ കൂടി അടിസ്ഥാനത്തിലാണ് ബെന്നി ബെഹനാന്റ രാജിയെങ്കിലും,രാജിവെച്ച രീതി പാര്‍ട്ടിക്കുളളിലെ അഭിപ്രായ വ്യത്യാസം വെളിപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്ന് ദേശീയ നേതൃത്വത്തെ സംസ്ഥാനത്തെ ചില നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ആഗ്രഹം നടപ്പാവില്ല
പാര്‍ലമെന്റിലേക്ക് പോയ ചില കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇക്കാര്യം ഹൈക്കമാന്‍ഡിനേയും കെ.പി.സി.സിയേയും ചിലര്‍ അറിയിച്ചെങ്കിലും സമ്മതം നല്‍കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. എം.എല്‍.എ സ്ഥാനം ഒഴിഞ്ഞ് എം.പി ആയവര്‍ വീണ്ടും സംസ്ഥാനത്തേക്ക് മടങ്ങുന്നത് പാര്‍ട്ടിയ്‌ക്ക് കനത്ത തിരിച്ചടിയുണ്ടാക്കും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ തുടരും
ഒരാള്‍ക്ക് ഒരു പദവി മുന്‍ നിര്‍ത്തി കെ. മുരളീധരന്‍, ബെന്നി ബെഹനാന്‍ ടി.എന്‍ പ്രതാപന്‍, വി.കെ ശ്രീകണ്‌ഠന്‍ അടക്കം പല നേതാക്കളും വിവിധ സ്ഥാനങ്ങളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും എം.പിമാരായ കെ.സുധാകനും കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടില്ല. ഇരുനേതാക്കളുടേയും നടപടിയില്‍ സംസ്ഥാനത്തെ പല നേതാക്കള്‍ക്കും അതൃപ്‌തിയുണ്ട്. എന്നാല്‍ തങ്ങളെ ഹൈക്കമാന്‍ഡാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയോഗിച്ചതെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെടാതെ ഒഴിയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
വീണ്ടും പരാതി പ്രളയം
രണ്ടുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേരളത്തിലെ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചതെങ്കിലും ഹൈക്കമാന്‍ഡില്‍ എത്തുന്ന പരാതികള്‍ക്ക് യാതൊരു കുറവുമില്ല. ഏറ്റവും ഒടുവിലായി കൊടിക്കുന്നില്‍ സുരേഷും കെ.സുധാകരനുമാണ് കഴിഞ്ഞദിവസം സോണിയഗാന്ധിക്ക് കത്തയച്ചത്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുന:സംഘടനയില്‍ മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്നാണ് കൊടിക്കുന്നില്‍ കത്തില്‍ പറയുന്നത്.