പത്തനംതിട്ട : ജീവനക്കാരോടും അധ്യാപകരോടുമൂള്ള സംസ്ഥാന സർക്കാരിന്റെ അവകാശ നിഷേധങ്ങൾക്കെതിരെ നാളെ (24) സർക്കാർ ജീവനക്കാരും അധ്യാപകരും സൂചനാ പണിമുടക്ക് നടത്തുന്നു. 18% ഡി.എ. കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തപ്പെടുന്ന പണിമുടക്കിനോട് അനുബന്ധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തു മണിക്ക് പ്രതിഷേധ മാര്‍ച്ചും മിനി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ്ണയും നടത്തും. സമരം വിജയിപ്പിക്കാൻ ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് എസ്.ഇ യു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
പണിമുടക്കിനോട് അനുബന്ധിച്ച് എസ്.ഇ.യു പത്തനംതിട്ട ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏഴര വർഷക്കാലമായി ജീവനക്കാരോടും അദ്ധ്യാപകരോടും കടുത്ത അനീതിയാണ് സർക്കാർ കാണിക്കുന്നത്. ദൈനംദിനം വർദ്ധിച്ച് കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജീവനക്കാർ അവരുടെ കുടുംബ ബജറ്റ് താളം തെറ്റി വലിയ കടക്കാരാകുന്ന സഹചര്യമാണ് നിലവിലുള്ളത്. വിലക്കയറ്റത്തിന് ആനുപാതികമായി നൽകേണ്ട ഡി.എ നൽകാതെയും ലീവ് മരവിപ്പിച്ചുമുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധത്തിന്റെ ആദ്യ സൂചനയാണ് ഈ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹാഷിം. എ.ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജി എ.എം സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ താഹ പി.ജെ, ഷമീം എസ്, ജില്ലാ വൈസ് പ്രസിഡണ്ട് നബീഖാൻ, ജില്ലാ സെക്രട്ടറിമാരായ സാബുദ്ദീൻ എസ്, അയ്യൂബ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനോജ് എസ്, ഷണ്മുഖൻ എ, അഫ്സൽ വകയാർ, അരുൺ എം തുടങ്ങിയവർ പ്രസംഗിച്ചു.