പത്തനംതിട്ട : എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത മാറ്റുന്നതില്‍ ശരിയായ അന്വേഷണം നടത്താതെ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ഒളിച്ചുകളി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എ.ഐ.സി.സി. വര്‍ക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. എ.ഡി.എം നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണത്തിലെ അന്വേഷണം സി.ബി.ഐ ക്ക് കൈമാറണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും നടത്തുന്ന കാപട്യവും ഒളിച്ചുകളിയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പി.പി. ദിവ്യയെ കൂടാതെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ഉത്തരവാദികളാണ്. പ്രതികളില്‍ പലരും ഇപ്പോഴും കാണാമറയത്താണ്. സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കൊണ്ടുമാത്രമേ സത്യം പുറത്തുവരികയുള്ളു എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ജാമ്യം ലഭിച്ച പി.പി. ദിവ്യയെ മാലയിട്ട് സ്വീകരിക്കുന്നത് കാപട്യവും ഇരയോടും വേട്ടക്കാരനോടും ഒപ്പമാണെന്ന് തെളിയിക്കുന്നതാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റും കൂടിയായ കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ. എം.എം. നസീര്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, ടി.കെ. സാജു, കെ.കെ. റോയിസണ്‍, ബി. നരേന്ദ്രനാഥ്, എം.എസ്. പ്രകാശ്, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്‍റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, ബ്ലോക്ക് പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍, മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപ്പാട്, നേതാക്കളായ ഹരികുമാര്‍ പൂതങ്കര, സജി കൊട്ടയ്ക്കാട്, ഡി.എന്‍. തൃദീപ്, കാട്ടൂര്‍ അബ്ദുള്‍സലാം, റോജിപോള്‍ ദാനിയേല്‍, രഘുനാഥ് കുളനട, വിനീത അനില്‍, കെ. ജാസിംകുട്ടി, സിന്ധു അനില്‍, ദീനാമ്മ റോയി, സഖറിയ വര്‍ഗ്ഗീസ്, ജെറിമാത്യു സാം, വിജയ് ഇന്ദുചൂഡന്‍, നഹാസ് പത്തനംതിട്ട, ശ്യാം.എസ്.കോന്നി, ബാബു മാമ്പറ്റ, ടി.എച്ച്. സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.