പത്തനംതിട്ട : അധികാര വികേന്ദ്രീകരണമെന്ന പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമായി അധികാരങ്ങൾ കവർന്നെടുത്തും കേന്ദ്രീകരിച്ചും ഫണ്ടുകൾ വെട്ടിക്കുറച്ചും സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരണമണി മുഴക്കുകയാണെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള കെ.പി.സി.സി മിഷൻ 2025 കോന്നി നിയോജക മണ്ഡലം കോൺഗ്രസ് നേതൃസമ്മേളനം കോൺഗ്രസ് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ. പഞ്ചായത്ത്, നഗരസഭാ, കോർപ്പറേഷൻ തനത്,പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറക്കുകയും വകമാറ്റി ചിലവഴിക്കുവാൻ ഉത്തരവ് നല്കുകയും ചെയ്യുന്നതുമൂലം വികസന മുരടിപ്പാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഗ്രാമ, നഗര പ്രദേശങ്ങളിൽ നിലനില്ക്കുന്നതെന്നും കുടിവെള്ള ക്ഷാമവും മാലിന്യ പ്രശ്നങ്ങളും ഇവിടങ്ങളുടെ മുഖമുദ്രയാണെന്നും അവർ പറഞ്ഞു.
വിധേയന്മാരായ ഇടതു സർവീസ് സംഘടനാ നേതാക്കളേയും അനുഭാവികളായ ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് വാർഡ് പുനസംഘടന തങ്ങളുടെ ഇംഗിതം അനുസരിച്ച് നടത്തുവാനുള്ള സി.പി.എം ശ്രമം സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് അഡ്വ.ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കോന്നി നിയോജക മണ്ഡലത്തിന്റെ ചുമതല കൂടി വഹിക്കുന്ന ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ഡി.ഭാനുദേവൻ, എം.എസ് പ്രകാശ്, മാത്യു ചെറിയാൻ, റെജി പൂവത്തൂർ, എലിസബത്ത് അബു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ദീനാമ്മ റോയി, ആർ.ദേവകുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം കോർകമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കുകയും മണ്ഡലങ്ങളിലെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വാർഡ് കോൺഗ്രസ് പ്രവർത്തക കൺവൻഷനുകൾ സെപ്റ്റംബർ 25-ന് മുമ്പായി സംഘടിപ്പിച്ച് പുന:സംഘടന പൂർത്തീകരിക്കുവാൻ യോഗം തീരുമാനിച്ചു.