തിരുവനന്തപുരം : പോലീസിനായുള്ള ഹെലികോപ്ടറിന്‍റെ വാടക സംബന്ധിച്ച് ചിപ്സണ്‍ ഏവിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വാടക കരാറ്‍ സംബന്ധിച്ചുള്ള അന്തിമ ചർച്ചയാണ് ഇന്ന് നടക്കുക. ഹെലികോപ്റ്റര്‍ വാടക കുറയ്ക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. മൂന്ന് വര്‍ഷത്തേക്കാണ് ചിപ്സണ്‍ ഏവിയേഷന്‍റെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്. 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയ്ക്കാണ് കരാര്‍.
പ്രതിമാസം 20 മണിക്കൂര്‍ പറക്കാൻ 80 ലക്ഷവും ഇതുകഴിഞ്ഞുള്ള ഓരോ മണിക്കൂറും 90,000 രൂപയുമാണ് പുതിയ സാമ്പത്തിക ടെണ്ടറിൽ ചിപ്സണ്‍ നൽകിയത്. മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ ടെണ്ടർ തുക നൽകിയത് ചിപ്സണാണ്. ആറ് പേർക്ക് ഇരിക്കാവുന്ന ഹെലികോപ്ടറാണ് മൂന്നു വർഷത്തേക്ക് വാടകയ്ക്കെടുക്കുന്നത്.
പ്രതിമാസം 20 മണിക്കൂർ പറപ്പിക്കാൻ ഒരു കോടി 44 ലക്ഷം രൂപയ്ക്കാണ് കരാർ പോലുമില്ലാതെ ഒന്നാം പിണറായി സർക്കാർ പവൻ ഹൻസ് എന്ന കമ്പനിക്ക് കരാർ നൽകിയത്. കഴിഞ്ഞ സർക്കാരിനോട് പ്രതിമാസം 20 മണിക്കൂർ പറക്കാൻ ഒരു കോടി 22 ലക്ഷം രൂപയും നികുതിയുമാണ് ദില്ലി ആസ്ഥാനമായ പവൻ ഹൻസ് ആവശ്യപ്പെട്ടത്. ടെണ്ടറൊന്നും കൂടാതെ ഈ ആവശ്യം സർക്കാർ അംഗീകരിച്ചു. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന്‍റെ വാടകയായി സർക്കാരിന് ഒരു വർഷം നൽകേണ്ടിവന്നത് 22.21 കോടിയാണ്. ഇത്രയും വലിയ ഹെലികോപ്ടറിന്‍റെ ഇതിനെക്കാള്‍ കുറഞ്ഞ നിരക്കിൽ ഹെലികോപ്ടര്‍ നൽകാമെന്നും ടെണ്ടർ വിളിക്കണമെന്നും ആവശ്യപ്പെട്ട് ചിപ്സണ്‍ ഉൾപ്പെടെയുള്ള കമ്പനികൾ അന്ന് സർക്കാരിനെ സമീപിച്ചുവെങ്കിലും എല്ലാം തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്ത പവൻ ഹൻസിന് വേണ്ടി ഇടപെട്ടതും വിവാദമായിരുന്നു. പക്ഷെ സർക്കാർ കരാറുമായി മുന്നോട്ടുപോയി. ഒരുപക്ഷേ അന്ന് ടെണ്ടർ വിളിച്ചിരുന്നുവെങ്കിൽ പവൻ ഹൻസിന് നൽകിയതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് കരാർ ഉറപ്പിക്കാമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്റ്റർ ടെണ്ടർ വിളിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ആറ് സീറ്റിൽ കൂടുതല്‍ ഹെലികോപ്ടറുള്ള കമ്പനികളെയാണ് ടെണ്ടറിലേക്ക് ക്ഷണിച്ചത്. ഈ ടെണ്ടറിലും പവൻ ഹൻസിന് അനുകൂലമായ ടെണ്ടർ വ്യവസഥകള്‍ സർക്കാർ ഉൾപ്പെടുത്തി. ടെണ്ടറിലെ തട്ടിപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വിവാദ വ്യവസ്ഥകള്‍ സർക്കാർ മാറ്റി. പുതിയ ടെണ്ടറിലാകട്ടെ പവൻ ഹൻസ് പങ്കെടുത്തുമില്ല.