മലപ്പുറം: മലപ്പുറം ജില്ലയിലെ ഇഎസ്ഐ ആശുപത്രി പദ്ധതി സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെ തുടർന്ന് മുടങ്ങി. സർക്കാർ സ്ഥലം കണ്ടെത്തി നൽകാത്തതാണ് നൂറ് പേരെ കിടത്തി ചികിത്സിക്കാവുന്ന ആശുപത്രി നഷ്ടമാകാൻ കാരണം. അഞ്ചേക്കർ സ്ഥലം നൽകാനില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ആശുപത്രി നിർമിക്കാൻ ഭൂമി കണ്ടെത്തി നൽകണമെന്നാവവശ്യപ്പെട്ട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടർ മലപ്പുറം ജില്ലാ കലക്ടർക്ക് കത്ത് നൽകിയത് 2024 ലാണ്. നൂറ് പേരെ കിടത്തിച്ചികിത്സിക്കാവുന്ന ആശുപത്രിക്കായി വേണ്ടിയിരുന്നത് അഞ്ചേക്കർ ഭൂമിയും.
എന്നാൽ ആശുപത്രിക്ക് അനുയോജ്യമായ സ്ഥലം റവന്യൂ വകുപ്പിന്റെയോ മറ്റുവകുപ്പുകളുടെ പക്കലില്ലെന്നാണ് ജില്ലാ കലക്ടർ നൽകിയ മറുപടി. ഇതോടെ വിപുലമായ സംവിധാനങ്ങളോടെ ജില്ലയിൽ നിർമിക്കേണ്ടിയിരുന്ന ആശുപത്രിയും നഷ്ടമായി. മലപ്പുറത്തിനൊപ്പം ഇടുക്കി ജില്ലയ്ക്കും ഇഎസ്ഐ ആശുപത്രി ശിപാർശ ചെയ്തിരുന്നു.കട്ടപ്പന മുനിസിപ്പാലിറ്റി 4.6 ഏക്കർ വിട്ടുനൽകിയതോടെ ഇവിടെ ആശുപത്രി നിർമാണം പ്രാരംഭ ഘട്ടത്തിലാണ്. അരക്കോടിയോളം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ പൊതുമേഖലാ ആരോഗ്യ സംവിധാനം ദുർബലമാണെന്ന ആക്ഷേപം നേരത്തെത്തന്നെ ശക്തമാണ്. അതിനിടയിലാണ് കൈയിൽ കിട്ടിയ ഇഎസ്ഐ ആശുപത്രി സ്ഥലം കണ്ടെത്തി നൽകാത്തത് കൊണ്ടുമാത്രം നഷ്ടമാകുന്നത്.