കൊച്ചി : കൊച്ചി കിഴക്കമ്പലം കിറ്റെക്‌സുമായുള്ള പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങി സംസ്ഥാന സർക്കാർ. നാളെ എറണാകുളം കളക്ടറുടെ ചേംബറിൽ എം.എൽ.എ മാരുടെ യോഗം വിളിച്ചു. കിറ്റെക്സ് ഉടമയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജൻ അറിയിച്ചു. മുൻകൂട്ടി അറിയിച്ച ശേഷം പരിശോധന നടത്തുക എന്നതാണ് സർക്കാർ നിലപാടെന്നും എം.എൽ.എ വ്യക്തമാക്കി. പരിശോധനയിൽ വീഴ്ച കണ്ടെത്തിയാൽ വീണ്ടും പരിശോധന നടത്തുമെന്നും പി.വി ശ്രീനിജൻ അറിയിച്ചു.
അതേസമയം പതിമൂന്ന് തവണയാണ് സർക്കാരിന്റെ വിവിധ വകുപ്പുകൾ കിറ്റെക്‌സിൽ പരിശോധന നടത്തുന്നത്. മിന്നൽ പരിശോധന നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കാണെന്ന് കിറ്റെക്‌സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വേട്ടയാടലിനെ തുടർന്ന് 3500 കോടിയുടെ നിക്ഷേപം മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ പരിശോധനയെന്നും കേരളത്തിലെ കമ്പനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും എംഡി സാബു എം ജേക്കബ് അറിയിച്ചിരുന്നു.
കിറ്റെക്‌സിൽ തുടർച്ചയായി സർക്കാരിന്റെ വിവിധ വകുപ്പുകൾ പരിശോധന നടത്തി വീഴ്ച റിപ്പോർട്ട് ചെയ്തതോടെയാണ് വ്യവസായം കേരളത്തിൽ നിന്ന് മാറ്റുകയാണെന്ന കിറ്റെക്‌സിന്റെ തീരുമാനമുണ്ടായത്. തുടർന്ന് വിവാദങ്ങൾക്കൊടുവിൽ കിറ്റെക്‌സിൽ മുന്നറിയിപ്പോ മറ്റോ ഇല്ലാതെ പരിശോധന നടത്തില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ് ഉറപ്പുനൽകുകയും ചെയ്തിരുന്നു.