ന്യൂഡല്‍ഹി : കേരളത്തിലെ കോൺഗ്രസ് പുനസംഘടന സംസ്ഥാന നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ കാണും. കെ.സുധാകരൻ, വി.ഡി സതീശൻ അടക്കം ഉള്ളവരാണ് രാഹുൽ ഗാന്ധിയുമായ് ചർച്ച നടത്തുക. ഈ മാസം അവസാനം ഡി.സി.സി അധ്യക്ഷനെ അടക്കം പ്രഖ്യാപിക്കാനാണ് ശ്രമം. ഇന്നലെ രാത്രി സംസ്ഥാനത്തെ നേതാക്കൾ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ വസതിയിൽ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു.
ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും ഉമ്മൻചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ഇതോടെ അന്തിമ തീരുമാനത്തിലെത്താൻ കഴിയാതായതോടെയാണ് ഒന്നിലധികം പേരുമായി ഹൈക്കമാൻഡിനെ കാണാൻ കെ.പി.സി.സി അധ്യക്ഷൻ തീരുമാനിച്ചത്. സജീവഗ്രൂപ്പ് പ്രവർത്തകരെ തന്നെയാണ് ഡി.സി.സി പ്രസിഡന്റുമാരായി നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന സ്ഥാനാർത്ഥികൾ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എം.പിമാരോ എം.എൽ.എമാരോ ഡിസിസി പ്രസിഡന്റാമാരാക്കേണ്ടതില്ലെന്നത് മാത്രമാണ് എകകണ്ഠ തീരുമാനം.