കോന്നി : നല്ല നിലയിൽ പോകുന്ന കേരള സർക്കാറിനെ അസ്ഥിരപ്പെടുത്താൻ വേണ്ടി ചിലർ നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സൂസൻ കോടി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ക്രൈം നന്ദകുമാർ വ്യാജ വീഡിയോ നിർമ്മിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ എഐഡിഡബ്ല്യു എ കോന്നി എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സൂസൻ കോടി.
ക്രൈം നന്ദകുമാർ, പി സി ജോർജ്ജ്, ഷാജ് കിരൺ എന്നിവരുടെ സംഭാഷണം നമ്മൾ കേട്ടതാണ് എങ്ങനെയും ഗവൺമെൻ്റിനെ പ്രതിക്കൂട്ടിലാക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ അവരുടെ ഉദ്ദേശം കേരളത്തിൽ നടപ്പിലാവില്ല. ഏതു പ്രതിസന്ധിയിലും സാധാരണക്കാരന് ആശ്രയിക്കാൻ പറ്റുന്നതാണ് കേരള ഗവൺമെൻ്റ്. പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്തും നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്തും കേന്ദ്ര ഏജൻസികൾ സർക്കാരിനെതിരെ അന്വേഷണം നടത്തിയിട്ട് എന്തായി ? ഗവൺമെൻ്റ് കൂടുതൽ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിൻ്റെ ഫലമായാണ് ഇടതുപക്ഷം നേടിയ വിജയം. സ്വർണ്ണ കടത്തു കേസിൽ ജയിലിൽ കിടന്ന കള്ളകടത്തുകാരിയുടെ വാക്കു കേട്ട് കേരളത്തിൻ്റെ മുഖ്യ മന്ത്രിയേയും കുടുംബത്തെയും യുഡിഎഫും ബിജെപിയും അപകീർത്തിപെടുത്തുകയാണ്.
വീണാ ജോർജ്ജിനെതിരെ വ്യാജ വീഡിയോ ചമയ്ക്കാൻ സ്വന്തം സ്ഥാപനത്തിലെ പെൺകുട്ടിയെ ഉപയോഗിക്കാൻ ശ്രമിച്ച നന്ദകുമാറിന് അമ്മയും പെങ്ങളുമില്ലേ? വീണ ക്കെതിരെ മാത്രമല്ല ഏതു സ്ത്രീത്രീകൾക്ക് നേരെ അതിക്രമം നടത്തിയാലും മഹിള അസോസിയേഷൻ പ്രതികരിക്കും. മോഡി അധികാരത്തിലെത്തിയിട്ട് എട്ടു വർഷമാകുന്നു. എന്നാൽ രാജ്യത്തെ സ്ഥിതി ഇപ്പോൾ എന്താണ് രാജ്യത്ത് ദിവസം എണ്ണായിരത്തിലധികം പേർ പട്ടിണി മൂലം മരണപ്പെടുന്നു. എന്തിനാണ് ജനങ്ങളെ പട്ടിണിക്കിടുന്നത്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടി എണ്ണ കമ്പിനികൾക്ക് പതിനെട്ടര ലക്ഷം കോടി രൂപ ലാഭം ഉണ്ടാക്കി നൽകി. മറുപക്ഷത്ത് രാജ്യത്തിൻ്റെ മതനിരപേക്ഷ കാഴ്ച്ചപാടിനെ മുറിവേൽപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സൂസൻ കോടി കൂട്ടി ചേർത്തു. കോന്നി ചന്ത മൈതാനിയിൽ ചേർന്ന പ്രതിഷേധയോഗത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി തുളസി മണിയമ്മ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജി സി ബാബു, സുജാത അനിൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി വി പുഷ്പവല്ലി സ്വാഗതവും ഏരിയ ആക്ടിങ്ങ് സെക്രട്ടറി ജലജാ പ്രകാശ് നന്ദിയും പറഞ്ഞു.