തൃശ്ശൂര്‍ : സംസ്ഥാന റവന്യൂ കായികോത്സവത്തിന് തൃശ്ശൂരില്‍ തുടക്കം. കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പതിനാല് ജില്ലാ ടീമുകളും ഒരു ഹെഡ് കോട്ടേഴ്സ് ടീമും അടങ്ങുന്ന പതിനഞ്ച് ടീമുകളും അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ച് പതാക ഉയര്‍ത്തി റവന്യു മന്ത്രി കെ രാജന്‍ കായികമേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന റവന്യൂ അനുബന്ധ ജീവനക്കാര്‍ക്ക് വേണ്ടി ആദ്യമായാണ് ഒരു കായിക മേള സംഘടിപ്പിക്കപ്പെടുന്നത്. ഉദ്ഘാടനശേഷം അത്ലറ്റിക്സ് മത്സരങ്ങള്‍ നടക്കും.
റവന്യൂ കായികോത്സവം ജില്ലാതല മത്സരങ്ങളില്‍ വിജയിച്ച 14 ടീമുകളും ഒരു ഹെഡ് കോട്ടേഴ്സ് ടീമും അടങ്ങുന്ന പതിനഞ്ച് ടീമുകളാണ് കായിക കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. നാല്‍പത് വയസ് വരെയുള്ളവര്‍ക്കും നാല്‍പത് വയസിന് മുകളിലുള്ളവര്‍ക്കും ഈ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായും വെവ്വേറെ മത്സരങ്ങള്‍ നടക്കും. 100, 400, 1500 മീറ്റര്‍ വിഭാഗങ്ങളില്‍ ഓട്ടമത്സരങ്ങള്‍, ലോങ്ജെമ്പ്, ഷോട്ട്പുട്ട് (പുരുഷന്‍ 7.25 കിലോ, സ്ത്രീ 4 കിലോ) എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മെയ് 21, 22 തിയ്യതികളില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുഡ്ബോള്‍ മത്സരങ്ങളും ഉണ്ടായിരിക്കും. തൃശൂര്‍ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തിലാണ് കായിക മത്സരങ്ങള്‍ നടക്കുന്നത്.