പത്തനംതിട്ട : സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറും വൈസ് പ്രസിഡന്റും തമ്മിലുള്ള ശീതസമരം മൂലം സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം സലിം പി. ചാക്കോ ആരോപിച്ചു.
പ്ലാൻ ഫണ്ട് ഇനത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട 4.9 കോടി രൂപയുടെ സാമ്പത്തിക സഹായം പോലും കൃത്യസമയത്ത് ലഭിച്ചില്ലെന്ന് മാത്രമല്ല കിട്ടിയ തുക ലാപ്സായതുമാണ് പ്രതിസന്ധിയ്ക്ക് മറ്റൊരു കാരണം. നാല് മാസത്തെ ഭക്ഷണ അലവൻസ് കുടിശിഖ വന്നതുമുലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഹോസ്റ്റലുകളില്‍ പ്രതിസന്ധി തുടരുകയാണ് . കുടിശിഖ നൽകാതെ ഹോസ്റ്റലുകൾ തുറക്കാൻ കഴിയില്ലെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്.
കെടുകാര്യസ്ഥതയും ഗ്രൂപ്പ്കളിയും മൂലം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം താറുമാറായിരിക്കുകയാണെന്നും സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും സലിം പി. ചാക്കോ അവശ്യപ്പെട്ടു.