കൊച്ചി : ഹൈക്കോടതിയില്‍ ഇ- ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിനെ ഒഴിവാക്കി ഹൈക്കോടതി ഐറ്റി സെല്‍ സ്വയം വികസിപ്പിച്ച മൊഡ്യൂള്‍ ഉപയോഗിച്ചാണ് ഇ-ഫയലിംഗ് ആരംഭിക്കുന്നത്.
മധ്യവേനലവധിക്കു ശേഷം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ തയ്യാറാക്കിയ സംവിധാനം മുഖേനയുള്ള വീഡിയോ കോണ്‍ഫറന്‍സ് താളം തെറ്റിയിരുന്നു. തുടര്‍ന്ന് ഐറ്റി സെല്‍ തയ്യാറാക്കിയ സംവിധാനം മുഖേനയാണ് വീഡിയോ കോണ്‍ഫറന്‍സില്‍ കേസുകള്‍ പരിഗണിച്ചു വരുന്നത്. ഇതാദ്യമായാണ് ഹൈക്കോടതിയില്‍ ഇ- ഫയലിംഗ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ജാമ്യാപേക്ഷകള്‍ക്ക് മാത്രമാവും ഇ-ഫയലിംഗ് ഏര്‍പ്പെടുത്തുക. കേസ് ഫയല്‍ ചെയ്യുന്ന അഭിഭാഷകര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും ന്യായാധിപര്‍ക്കും പ്രത്യേകമായ ഡാഷ് ബോര്‍ഡുകള്‍ ഉണ്ടാവും. ഡാഷ് ബോര്‍ഡില്‍ എത്തുന്ന രേഖകളുടെ പകര്‍പ്പുകള്‍ തത്സമയം ന്യായാധിപര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും പരിശോധിക്കാനാവും.
കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനകുകളില്‍ നിന്നും കേസ് ഡയറികള്‍ പൂര്‍ണ്ണമായും ഡാഷ് ബോര്‍ഡുകളിലേക്ക് അപ് ലോഡ് ചെയ്യാനാകും. അതിനാല്‍ പോലിസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് കേസ് ഡയറി കൈമാറേണ്ട സാഹചര്യം ഒഴിവാകും. ജാമ്യം അനുവദിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട മജിസ്ട്രേറ്റ് മാര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ വിധികള്‍ ലഭ്യമാവുകയും ചെയ്യും. ന്യായാധിപര്‍ ഒപ്പിടുന്ന വിധിന്യായങ്ങളിലെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ വിധികളുടെ ആധികാരികത പരിശോധിക്കാനാകും. ഇ-ഫയലിംഗ് സംവിധാനത്തെപ്പറ്റി അഭിഭാഷകര്‍ക്കും ഗുമസ്തന്മാര്‍ക്കും പ്രാഥമിക വിജ്ഞാനം നല്‍കുന്ന ലഘു വീഡിയോ ഹൈക്കോടതി പുറത്തിറക്കിയിട്ടുണ്ട്.